Last Updated:
F-35 യുദ്ധവിമാനം നന്നാക്കാനായി വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബിയെ സമൂഹമാധ്യമ പേജുകളിലെ പരസ്യത്തിൽ ഉൾപ്പെടുത്തി കേരള ടൂറിസം. ‘കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല!’ എന്ന ക്യാപ്ഷനോടെയാണ് പരസ്യം ശ്രദ്ധയാകുന്നത്.
‘മുതലെടുക്കുവാണോ സജീ…ഇനിയിപ്പോൾ F35 ന് ഒരു ആയുർവേദ തിരുമ്മലും പിഴിച്ചിലും നടത്തി പറത്തി വിടാൻ നോക്കൂ, കൊടുക്കുന്നോ….. ഒറ്റ വില’ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. കേരള ടൂറിസത്തിന്റെ മാർക്കറ്റിങ് സ്ട്രാറ്റജി അതിഗംഭീരമെന്നാണ് സോഷ്യൽമീഡിയ ഒന്നാകെ അഭിപ്രായപ്പെടുന്നത്.
യുകെയുടെ അഞ്ചാംതലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നടക്കുന്നത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നായിരുന്നു ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് ഹൈഡോളിക് സംവിധാനം. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാർ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.
F-35 യുദ്ധവിമാനം നന്നാക്കാനായി വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്ത് എത്തുന്നത്. എഫ്-35 നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്കീഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Thiruvananthapuram,Kerala
July 02, 2025 4:33 PM IST
വന്നാ പിന്നെ പോകാൻ തോന്നൂല ! തിരുവനന്തപുരത്ത് വിശ്രമിക്കുന്ന യുദ്ധവിമാനം F 35 നെ പരസ്യത്തിൽ എടുത്ത് കേരളാ ടൂറിസം

Comments are closed.