‘ഇത്രനാളുമില്ലാത്ത ഈ സംഗമം ഇപ്പോൾ എന്തുകൊണ്ട്? മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിൽ | Chief Minister Pinarayi Vijayan inaugurates the Global Ayyappa Sangam | Kerala


Last Updated:

ആ​ഗോള അയ്യപ്പസം​ഗമം തടയാൻ ചിലർ കോടതിയില്‍ വരെ പോയി എന്നത് ഖേദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

News18News18
News18

പത്തനംതിട്ട: ഇത്ര കാലവുമില്ലാത്ത ഈ സംഗമം ഇപ്പോള്‍ എന്തുകൊണ്ടാണ് എന്നാണ് ചിലര്‍ ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മാറുന്ന കാലത്തിന് അനുസരിച്ച് തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു ചിന്തിക്കേണ്ടതുകൊണ്ട് എന്നതാണ് ഇതിനുത്തരമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിൽ ആ​ഗോള അയ്യപ്പസം​ഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലര്‍ ഇതു തടയാന്‍ കോടതിയില്‍ വരെ പോയി എന്നത് ഖേദകരമാണ്. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലനത്തിലുള്ള താല്‍പര്യമോ വിശ്വാസപരമായ ശുദ്ധിയോ ഒന്നുമല്ല അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്മാറണം എന്ന ഒരു വാദമുണ്ട്. വിശ്വാസികളുടെ കൈകളില്‍ തന്നെയായിരുന്നല്ലോ പണ്ട് ക്ഷേത്രങ്ങള്‍. ആരും നോക്കാനില്ലാതെ അതൊക്കെ മിക്കവാറും നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാകണമെന്ന, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം വിശ്വാസി സമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നത്. അങ്ങനെയാണ് ബോര്‍ഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവില്‍ വന്നത്. അതോടെയാണ് തകര്‍ച്ചയിലായ ഒരുപാട് ക്ഷേത്രങ്ങള്‍ ഉദ്ധരിക്കപ്പെട്ടത്. ക്ഷേത്ര ജീവനാക്കാര്‍ക്കു കൃത്യമായി ശമ്പളം ഉറപ്പായത്. ജീര്‍ണ്ണതയില്‍ നിന്നു രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അയ്യപ്പഭക്തന്മാര്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഹാസംഗമത്തിന് ഒരു ആഗോളസ്വഭാവം കൈവരുന്നത്. നേരത്തെ കേരളത്തില്‍ നിന്നുമാത്രമുള്ള തീര്‍ത്ഥാടകരായിരുന്നു ശബരിമലയില്‍ എത്തിക്കൊണ്ടിരുന്നത്. അയല്‍സംസ്ഥാനക്കാരും. പിന്നീടു പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തീര്‍ത്ഥാടകപ്രവാഹം. ക്ഷേത്രത്തിന്റെ സാര്‍വലൗകിക സ്വഭാവം മുന്‍നിര്‍ത്തിയാവണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇന്ന് ശബരിമലയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.

പലപ്പോഴും ഭക്തജനസാഗരം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള സാന്നിധ്യമാണുണ്ടാവുന്നത്. ഇത്രയേറെ ആളുകള്‍ എത്തുമ്പോള്‍ ക്ഷേത്ര പ്രവേശനം സുഗമമാക്കാനും തീര്‍ത്ഥാടനം ആയാസരഹിതമാക്കാനും വലിയ തോതിലുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്.’- മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020 ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുന്‍പ് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ എല്ലാംതന്നെ വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കുകയുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Comments are closed.