‘മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം’; മുഖ്യമന്ത്രി പിണറായി വിജയൻ Mohanlal is a legendary star of Malayalam says Chief Minister Pinarayi Vijayan in Honoring Ceremony | Kerala


Last Updated:

മോഹൻലാലിന് ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി

News18News18
News18

മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോഹൻലാൽ മലയാളികളുടെ അപരവ്യക്തിത്വമാണെന്നും മോഹൻലാലിന് ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.  ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ആദരിക്കുന്ന ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ആദരം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചു.

മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയിൽ അര നൂറ്റാണ്ടായി മോഹൻലാലുണ്ട്.  നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല.പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി,  തൊട്ടയല്‍പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിൽ ‘തിരനോട്ടത്തിൽ’ തുടങ്ങി 65 വയസ്സിലും അഭിനയസപര്യ തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പൊന്നാടയണിച്ച് മോഹന്‍ലാലിനെ സ്വീകരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മിദാസ് പ്രശസ്തി പത്രം കവിത ചൊല്ലി. മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, അഭിനേത്രി അംബിക എന്നിവർ മോഹൻലാലിന് ആശംസകൾ നേർന്നു.

Comments are closed.