ഇന്ത്യയിലാദ്യം; ഹൃദയമടക്കമുള്ള 3 അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ: അനീഷ് ഇനി 8 പേരിലൂടെ ജീവിക്കും | Kottayam Government Medical College created history in organ transplant surgery | Kerala


Last Updated:

പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്

News18
News18

ഇന്ത്യയിലാദ്യം; ഹൃദയമടക്കമുള്ള 3 അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ: അനീഷ് ഇനി 8 പേരിലൂടെ ജീവിക്കുംകോട്ടയം: ശബരിമല ദർശനത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ. അന്തരിച്ചു. മസ്തിഷ്‌ക മരണത്തെ തുടർന്ന് അനീഷിന്റെ ഹൃദയം ഉൾപ്പെടെ ഒമ്പത് അവയവങ്ങൾ ദാനം ചെയ്തതോടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് അനീഷിന്റെ കുടുംബം സമ്മതം നൽകുകയായിരുന്നു.

അതേസമയം, ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഇവിടെ ആദ്യമായാണ് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഇത് പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ചരിത്രം കുറിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറായ എ.ആര്‍. അനീഷിന്റെ ഹൃദയം ഉള്‍പ്പടെ 9 അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള്‍ രാത്രി 8.30 മണിയോടെ പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേല്‍കുകയും ചെയ്തു. ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 22ന് അനീഷിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഇന്ത്യയിലാദ്യം; ഹൃദയമടക്കമുള്ള 3 അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ: അനീഷ് ഇനി 8 പേരിലൂടെ ജീവിക്കും

Comments are closed.