Last Updated:
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരതി ഉന്നയിച്ച യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെയും രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വറിനെയും പ്രതിചേർത്തു.കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്.രഞ്ജിത പുളിക്കൻ അഡ്വക്കറ്റ് ദീപ ജോസഫ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ
യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ സന്ദീപ് വാര്യർക്കെതിരെയും രാഹുൽ ഈശ്വറിനെതിരെയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകളാണ് പരാതിക്കാധാരം. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സൈബർ ക്രിമിനലുകൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുത്തതിന് തുല്യമാണ് ഈ നടപടിയെന്നും ഡിവൈഎഫ്‌ഐ പരാതിയിൽ പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ സൈബർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ് . രാഹുലിന്റെ ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശമുണ്ട്.സൈബർ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സന്ദീപ് വാര്യരും രാഹുൽ ഈശ്വറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വിവരങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന നിരവധി ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
Thiruvananthapuram,Kerala
November 30, 2025 6:24 PM IST

Comments are closed.