Last Updated:
തദ്ദേശ തിരഞ്ഞെടുപ്പ് വരെ രാഹുൽ വിഷയം നിലനിർത്താനായി മനപ്പൂർവം പിടികൂടുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിവ് ജീവിതം പത്താം ദിവസത്തിലേക്ക് കടന്നിട്ടും പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. രാഹുൽ എവിടെയുണ്ടെന്ന കാര്യത്തിൽ പൊലീസിന് ഒരു വ്യക്തതയുമില്ല. ബെംഗളൂരുവിൽ തന്നെ ഉണ്ടാകാം എന്ന നിഗമനത്തിൽ അന്വേഷണസംഘം അവിടെ തുടരുകയാണ്. ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ രാഹുൽ കീഴടങ്ങാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.
കർണാടകയിലെ രാഹുലിന്റെ വൻ സ്വാധീനമാണ് അറസ്റ്റിന് തടസ്സമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ, രാഷ്ട്രീയ സഹായവും രാഹുലിന് ലഭിക്കുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞ് രാഹുൽ മുങ്ങുന്നത് സംശയം വർധിപ്പിക്കുന്നുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് വരെ രാഹുൽ വിഷയം നിലനിർത്താനായി മനപ്പൂർവം പിടികൂടുന്നില്ലെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. രാഹുലിനെ പിടികൂടണ്ടെന്ന് അന്വേഷണസംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ആരോപണം ശക്തമാകുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചാണ് ഹൈക്കോടതിയിൽ പരിഗണിക്കുന്നത്. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയതെന്നും രാഹുൽ വാദിക്കുന്നു. മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു.
കൂടാതെ, യുവതി നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. താൻ എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു. കേസിലെ രേഖകൾ തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും തെളിവുകൾ നൽകാൻ സാവകാശം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. വാദം സാധൂകരിക്കാനായില്ലെങ്കിൽ കീഴടങ്ങാൻ തയാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.
Thiruvananthapuram,Kerala
December 06, 2025 7:09 AM IST

Comments are closed.