‘ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക’; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത | Similarities in the sexual harassment case against Rahul Mamkootathil | Kerala


Last Updated:

രാഷ്ട്രീയ ജീവിത അധഃപതനത്തിന്റെ കരകയറാനാകാത്ത പടുകുഴിയിലേക്കാണ് ഈ സുമുഖൻ വീണിരിക്കുന്നത്

രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: യുവാവ്,സുമുഖൻ, മനോഹരമായ ചിരി,നേതൃപാടവം,തീപ്പൊരി പ്രസംഗം, ടെലിവിഷൻ ചർച്ചകളിലെ സ്ഥിരസാന്നിധ്യം, സൗമ്യമായ പെരുമാറ്റം, ആരോടും അല്പം ‘കുസ്യതി’ നിറഞ്ഞ പെരുമാറ്റം. പെൺകുട്ടികൾക്ക് താല്പര്യം തോന്നാവുന്ന ‘സകല ഗുണങ്ങ’ളുമുളള ആ സുമുഖനാണ് ഇപ്പോൾ മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലൂടെ നിലംതൊടാതെ ഓടിക്കൊണ്ടിരിക്കുന്നത്. പാലക്കാട് എംഎംഎ രാഹുൽ മാങ്കൂട്ടത്തിൽ എന്ന 36 കാരൻ.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും എം എൽ എ സ്ഥാനത്തേക്കും പദവികൾ ഉയർന്നതോടെ ‘കുസൃതി’യും കൂടി. രാഷ്ട്രീയ ജീവിത അധഃപതനത്തിന്റെ കരകയറാനാകാത്ത പടുകുഴിയിലേക്കാണ് ഈ സുമുഖൻ വീണിരിക്കുന്നത്. രാഹുൽ മാങ്കൂട്ടം ഒരു പ്രണയ രോഗിയല്ല മറിച്ച് ഒരിക്കലും ഒരു പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ ആകാൻ കഴിയാത്ത മനസ്ഥിതിയുളള വ്യക്തിയെന്നാണ് ഇപ്പോൾ രേഖാമൂലവും അല്ലാതെയും വന്നിട്ടുള്ള പരാതികളിൽ നിന്ന് മനസിലാകുന്നത് .

നേതാവിന്റെ മോഡ് ഓഫ് ഓപ്പറാന്റി പരിശോധിക്കുമ്പോൾ ആ സ്വഭാവം വൃക്തമാകും. ആദ്യം പെൺകുട്ടിയുടെ സോഷ്യൽ മീഡിയ വഴി ബന്ധം. പിന്നെ മെസേജുകൾ. തുടർന്ന് ഫോൺ നമ്പർ സംഘടിക്കുക. വൈകാതെ കോളുകളിലൂടെ സൗഹൃദം ഉറപ്പിക്കുക. അതിവേഗം പ്രണയം. പ്രണയത്തിലൂടെ , നമുക്കൊരു കുഞ്ഞ് വേണമെന്ന് പറയുക. ഇവിടെയാണ് മിക്ക ഇരകളും വീണത്. കാരണം കുഞ്ഞെന്നത് രണ്ട് വ്യക്തികളെ എല്ലാ അർഥത്തിലും ഒന്നാക്കുന്ന ശാരീരികവും വൈകാരികവുമായ ഒത്തു ചേരലാണ്.

‘എനിക്കൊരു കുഞ്ഞിനെ തരണം. ഈ തിരക്കു പിടിച്ച രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് ഒരാശ്വാസമാകുന്ന കുടുംബം”…ഈ ലൈനിലായിരിക്കും തുടക്കമെന്നാണ് ഇപ്പോൾ പുറത്തു വന്നിട്ടുളള പരാതികൾ കാണുമ്പോൾ മനസ്സിലാവുന്നത്. ഇമോഷണൽ അപ്രോച്ചിൽ വീണു കഴിഞ്ഞാൽ പിന്നെ വിവാഹത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കും. പിന്നെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യപ്പെടൽ. അവിടെ തുടങ്ങുന്നു ചതിയുടെ മറ്റൊരു തലം. അനുനയിപ്പിച്ചോ ബലം പ്രയോഗിച്ചോ ലൈംഗിക ബന്ധം. പിന്നീട് സമ്മതിച്ചില്ലെങ്കിൽ ആദ്യ സംഭവത്തിന്റെ ചിത്രങ്ങൾ കാണിച്ച് വീണ്ടും പീഡിപ്പിക്കുമെന്നാണ് പരാതി.

പരാതികൾ പ്രകാരം ലൈംഗികതാല്പര്യം പൂർത്തിയായാൽ പിന്നെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുളള ആശങ്ക പ്രകടിപ്പിക്കലാണ്. താൻ ഇപ്പോൾ വിവാഹിതനായാൽ തന്റെ രാഷ്ട്രീയജീവിതത്തെ ബാധിക്കുമെന്ന ആകുലത ഇരയുടെ മേൽകെട്ടി വയ്ക്കും. ഇതാണ് ആദ്യ പരാതിക്കാരിയായ പെൺകുട്ടി തന്റെ അനുഭവമായി ചൂണ്ടിക്കാട്ടുന്നത്. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ ക്ളിപ്പ് പുറത്തു വന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ പരിശോധനയിൽ ശബ്ദം ഒറിജിനലെന്നാണ് തിരിച്ചറിയുന്നത്.

ഇപ്പോൾ വന്ന രണ്ടാമത്തെ പരാതിക്കാരിയോട് മാത്രമല്ല, ആദ്യം ദുരനുഭവം പങ്കുവച്ച വ്യക്തിയോടും ഇതേ സമീപനമായിരുന്നു എന്ന് പുറത്തു വന്നു കഴിഞ്ഞു. തന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞതായാണ് ട്രൻസ്ജെൻഡറും അന്ന് വെളിപ്പെടുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക’; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

Comments are closed.