Last Updated:
പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ സിപിഎം 7, കോൺഗ്രസ് 7, ബിജെപി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് സീറ്റ് നില
തിരുവനന്തപുരം: ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. സ്വതന്ത്രനായി മത്സരിച്ച സിപിഎം വിമതന്റെ പിന്തുണ ലഭിച്ചതോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ സിപിഎം 7, കോൺഗ്രസ് 7, ബിജെപി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സിപിഎം വിമതനായ ബി ശ്രീകണ്ഠൻ നായരാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമ പോസ്റ്റിൽ കമൻ്റ് ഇട്ടതിന് പിന്നാലെ പാർട്ടി ശ്രീകണ്ഠൻ നായരിന് സീറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുത്തിപ്പാറ വാർഡിലാണ് ശ്രീകണ്ഠൻ നായർ മത്സരിച്ചത്. 272 വോട്ടുകൾക്ക് സിപിഎമ്മിലെ ജിഷ്ണു മുത്തിപ്പാറയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
പുല്ലമ്പാറ സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറിയും പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു ശ്രീകണ്ഠൻ നായർ. 16 അംഗ പഞ്ചായത്തിൽ ഇരു മുന്നണികളിൽ നിന്ന് ഏഴ് പേർ വീതവും എൻഡിഎയിൽ നിന്നു ഒരാളും ശ്രീകണ്ഠൻ നായരുമാണ് വിജയിച്ചത്. ഇരു മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ശ്രീകണ്ഠൻ നായരുടെ പിന്തുണ ഉള്ളവർക്ക് മാത്രമെ ഭരണത്തിലേറാൻ കഴിയു എന്ന സ്ഥിതിയിൽ അദ്ദേഹം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
December 16, 2025 9:20 AM IST
മുഖ്യമന്ത്രിക്കെതിരെ കമന്റിട്ട് പുറത്തായ സിപിഎം വിമതന്റെ പിന്തുണയിൽ പുല്ലമ്പാറ പഞ്ചായത്ത് യുഡിഎഫിന്

Comments are closed.