Last Updated:
മന്ത്രി അബ്ദുറഹ്‌മാന്റെ മണ്ഡലത്തിലെ നഗരസഭയെന്നതും ബിജെപി പ്രതിപക്ഷമായ ജില്ലയിലെ ഏക തദ്ദേശസ്ഥാപനമെന്നതും താനൂരിന്റെ രാഷ്‌ട്രീയപ്രാധാന്യം കൂട്ടുന്നു.
മലപ്പുറം: താനൂർ നഗരസഭയില്‍ 8 സീറ്റുകൾ നേടി ബിജെപി മുഖ്യപ്രതിപക്ഷമായി. പാർട്ടി ചിഹ്നത്തിൽ സിപിഎമ്മിന് ഒരാളെപോലും ജയിപ്പിക്കാനായില്ല. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച നാലുപേർ മാത്രമാണ് ഇത്തവണ ജയിച്ചത്. 45 സീറ്റുകളുള്ള നഗരസഭയിൽ യുഡിഎഫ് 31 സീറ്റുമായി ഭരണം നിലനിർത്തി. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് 28 സീറ്റാണുണ്ടായിരുന്നത്. ഇക്കുറി 27. കോൺഗ്രസ് മൂന്ന് സീറ്റിൽ നിന്ന് നാലായി വർധിപ്പിച്ചു. മന്ത്രി അബ്ദുറഹ്‌മാന്റെ മണ്ഡലത്തിലെ നഗരസഭയെന്നതും ബിജെപി പ്രതിപക്ഷമായ ജില്ലയിലെ ഏക തദ്ദേശസ്ഥാപനമെന്നതും താനൂരിന്റെ രാഷ്‌ട്രീയപ്രാധാന്യം കൂട്ടുന്നു.
1964-ൽ താനൂർ പഞ്ചായത്ത് രൂപീകരിച്ചതുമുതൽ മുസ്‌ലിംലീഗാണ് ഭരിക്കുന്നത്. മത്സ്യബന്ധന-ഇടത്തരം തൊഴിലാളികൾ കൂടുതലുള്ള പഞ്ചായത്ത് 2015ലാണ് നഗരസഭയാകുന്നത്. അന്ന് 44 അംഗ നഗരസഭയിലേക്ക് ലീഗിന് 30, കോൺഗ്രസിന് രണ്ട്, ബിജെപിക്ക് 10, എൽഡിഎഫിന് രണ്ട് എന്നിങ്ങനെയായിരുന്നു കൗൺസിലർമാർ. 2020ൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ ലീഗിന് രണ്ടു സീറ്റ് കുറഞ്ഞു. കോൺഗ്രസിന് മൂന്നും ബിജെപിക്ക് ഏഴും എൽഡിഎഫിന് ആറും സീറ്റുമായി.
നഗരസഭയിലും പഞ്ചായത്തുകളിലുമായി 34 വാര്‍ഡുകളിലാണ് എന്‍ഡിഎ വിജയിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ ഒരു വാര്‍ഡില്‍ എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടേതുള്‍പ്പെടെയാണ് 34 വാര്‍ഡുകളിലെ എന്‍ഡിഎയുടെ വിജയം. 18 നഗരസഭസീറ്റുകളും 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും എന്‍ഡിഎ നേടി. എടപ്പാള്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകള്‍ നേടി ഇരുമുന്നണികളെയും ഞെട്ടിച്ചു. മിക്ക സിറ്റിങ് വാര്‍ഡുകളും എന്‍ഡിഎ നിലനിര്‍ത്തിയെന്ന പ്രത്യേകതയുമുണ്ട്.
പരപ്പനങ്ങാടി നഗരസഭയില്‍ മൂന്ന്, കോട്ടയ്‌ക്കല്‍, പൊന്നാനി നഗരസഭകളില്‍ രണ്ട് വീതം, മഞ്ചേരി, നിലമ്പൂര്‍, തിരൂര്‍ നഗരസഭകളില്‍ ഒന്ന് വീതം സീറ്റുകളും ബിജെപി നേടി. എടപ്പാള്‍, മൂര്‍ക്കനാട്, അങ്ങാടിപ്പുറം, ചേലേമ്പ്ര, ചെറുകാവ്, ചുങ്കത്തറ, നന്നമുക്ക്, ഒഴൂര്‍, പെരുവള്ളൂര്‍, തലക്കാട്, വള്ളിക്കുന്ന് പഞ്ചായത്തുകളിലാണ് ബിജെപി സീറ്റുകള്‍ നേടിയത്.
December 16, 2025 8:46 AM IST

Comments are closed.