Last Updated:
കടയിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ കൂത്താട്ടുക്കുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം
കൂത്താട്ടുകുളം: ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച പാലക്കുഴയിൽ നിന്ന് കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെ സോഫിയ കവലയിൽ വെച്ചായിരുന്നു അപകടം.
പാലക്കുഴയിൽ വർക്ക്‌ഷോപ്പ് നടത്തുന്ന സുധീഷ്, തന്റെ കടയിലേക്കാവശ്യമായ പോളിഷിംഗ് സാധനങ്ങൾ വാങ്ങാൻ കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ റോഡരികിലെ തെങ്ങിൽ നിന്നും തേങ്ങ സുധീഷിന്റെ തലയിൽ വീഴുകയും, ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
Kottayam,Kerala

Comments are closed.