Last Updated:
മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം വരുന്ന ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കുകയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10 മണിക്ക് ചടങ്ങുകൾ ആരംഭിക്കുമ്പോൾ കോർപ്പറേഷനുകളിൽ 11.30-നാണ് സത്യപ്രതിജ്ഞാ നടപടികൾ തുടങ്ങുന്നത്. പഴയ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ് അവധി ദിനമായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തത്.
സത്യപ്രതിജ്ഞാ ദിനത്തിൽ അംഗങ്ങൾ ഒപ്പിടുന്ന രണ്ട് രജിസ്റ്ററുകൾ വരാനിരിക്കുന്ന ഭരണകാലയളവിൽ ഏറെ നിർണായകമാണ്. അംഗമായി ചുമതലയേറ്റതിന്റെ ഔദ്യോഗിക രേഖയായ സത്യപ്രതിജ്ഞാ രജിസ്റ്ററിനൊപ്പം, താൻ ഏത് രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമാണെന്ന് വ്യക്തമാക്കുന്ന കക്ഷിബന്ധ രജിസ്റ്ററിലും അംഗങ്ങൾ ഒപ്പുവെക്കേണ്ടതുണ്ട്. സ്വതന്ത്രരായി വിജയിച്ചവർ ഈ രജിസ്റ്ററിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്ക് പിന്തുണ രേഖപ്പെടുത്തിയാൽ പിന്നീട് ആ പാർട്ടിയുടെ വിപ്പ് പാലിക്കാൻ അവർ നിയമപരമായി ബാധ്യസ്ഥരാകും. വിപ്പ് ലംഘിക്കുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകും. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരത്തിൽ 63 പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിട്ടുണ്ട് എന്നത് ഈ രജിസ്റ്ററിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഓരോ തദ്ദേശ സ്ഥാപനത്തിലും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ജില്ലാ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ വരണാധികാരികളുമാണ് മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടർന്ന് ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങുകൾ പൂർത്തിയാക്കി ആദ്യ ഭരണസമിതി യോഗവും ഇന്ന് തന്നെ ചേരും.
Thiruvananthapuram,Kerala
Dec 21, 2025 11:23 AM IST

Comments are closed.