Last Updated:
ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സിപിഎം നേതാവും സംഘവും എസ്ഐ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തത്
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സിപിഎം നേതാവും സംഘവും എസ്ഐ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തത്. പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതിനും സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തിയതിനും സിപിഎം നേതാവും മുൻ കൗൺസിലറുമായ എം. സജീവിനും മറ്റ് പത്തുപേർക്കുമെതിരേ കേസെടുത്തു.
പൊലീസ് പിടിച്ചെടുത്ത ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ എം. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. എസ്ഐ ആർ.യു. രഞ്ജിത്തിന്റെ മുറിയിൽ കയറി ഇവർ കയ്യിൽ കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവിൽ, മലർ, പഴം എന്നിവ മേശപ്പുറത്ത് നിരത്തികയും ഇതെന്താണെന്ന് എസ്ഐ ചോദിച്ചപ്പോൾ അസഭ്യം വിളിക്കുകയും മർദിക്കാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.മറ്റ് പൊലീസുകാർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലെന്ന് കണ്ടെത്തി പിടിച്ചെടുത്തതുമാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് വിട്ടുനൽകണമെന്ന് എം. സജീവ് ആവശ്യപ്പെട്ടെങ്കിലും നിയമപ്രകാരം അനുവദിക്കാനാകില്ലെന്ന് എസ്ഐ പറഞ്ഞതിന് പിന്നാലെയാണ് സ്റ്റേഷനിലെത്തി ഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു.
Kollam,Kollam,Kerala
Dec 22, 2025 10:26 AM IST

Comments are closed.