തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് മാനേജർ കുഴഞ്ഞുവീണ് മരിച്ചു|Bank Manager collapses to death during marathon in Thiruvananthapuram | Kerala


Last Updated:

ഞായറാഴ്ച രാവിലെ ശംഖുമുഖത്ത് നിന്ന് ആരംഭിച്ച ഗ്രീൻ മാരത്തോൺ എക്സ്പോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം

News18
News18

തിരുവനന്തപുരം: മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് മാനേജർ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശംഖുമുഖത്ത് നിന്ന് ആരംഭിച്ച ഗ്രീൻ മാരത്തോൺ എക്സ്പോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.

മാരത്തോണിലെ 21 കിലോമീറ്റർ വിഭാഗത്തിലാണ് ആഷിക് മത്സരിച്ചിരുന്നത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ സി.പി.ആർ നൽകിയ ശേഷം സംഘാടകരും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരത്തോണുകളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആളായിരുന്നു ആഷിക്.

അതേസമയം, മാരത്തോൺ സംഘടിപ്പിച്ചതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി പങ്കെടുത്തവർ ആരോപിച്ചു. പുലർച്ചെ നടന്ന പരിപാടിയിൽ റോഡുകളിൽ ആവശ്യത്തിന് വെളിച്ചമോ, വാഹന നിയന്ത്രണമോ ഉണ്ടായിരുന്നില്ല. പലയിടങ്ങളിലും വളന്റിയർമാരുടെ സേവനം ലഭ്യമായിരുന്നില്ലെന്നും ഓട്ടത്തിനിടെ പലരും വാഹനങ്ങൾ ഇടിച്ച് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും പങ്കെടുത്തവർ പറഞ്ഞു. സംഭവത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ അബ്ദുൾ റഷീദിന്റെയും ഷറഫുന്നീസയുടെയും മകനാണ് ആഷിക്. ഭാര്യ: മാജിത (അധ്യാപിക). മക്കൾ: അമൻ, ആഷിമ. ആഷികിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Comments are closed.