SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം| SIR Draft Voters List Published 24 Lakh People Excluded in Kerala | Kerala


Last Updated:

ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,08,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍. ഇതിന്റെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 6,49,885 വോട്ടര്‍മാർ മരണമടഞ്ഞു. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേർ.

നിലവില്‍ ഒഴിവാക്കപ്പെട്ടവര്‍ക്കു വീണ്ടും പേര് ചേര്‍ക്കാന്‍ ഫോം 6 പൂരിപ്പിച്ചു നല്‍കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. വിദേശത്തുള്ളവര്‍ക്കു പേരു ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.

ജനുവരി 22 വരെയാണ് പരാതികളും മറ്റും പരിഗണിക്കുക. ഹിയറിങ്ങില്‍ പരാതി ഉണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അതിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിക്കാം.

കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടുണ്ടോ എന്ന് എല്ലാവരും ഉറപ്പിക്കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ്, voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.

Comments are closed.