‘കർമ തിരിച്ചടിക്കുന്നു’; ദീപ്തി മേരി വർഗീസിനെ വെട്ടിയത് കൂടെ നിന്ന അതേ പവർ ഗ്രൂപ്പെന്ന് സിമി റോസ്ബെൽ‌| Simi Rosebell John Reacts to Deepthi Mary Varghese Ouster Calls it Karma and Power Group Politics | Kerala


Last Updated:

മെറിറ്റിൽ അല്ല ദീപ്തി ഇതുവരെയുള്ള പദവികളിൽ എത്തിയതെന്നും സിമി ആരോപിച്ചു

സിമി റോസ്ബെല്‍
സിമി റോസ്ബെല്‍

കൊച്ചി: ഒപ്പം നിന്ന അതേ പവർ ഗ്രൂപ്പാണ് ഇപ്പോൾ മേയറാക്കുന്നതിൽ നിന്ന് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതെന്ന് കോൺഗ്രസ് വിട്ട സിമി റോസ്ബെൽ ജോൺ. മെറിറ്റിൽ അല്ല ദീപ്തി ഇതുവരെയുള്ള പദവികളിൽ എത്തിയതെന്നും സിമി ആരോപിച്ചു. കർമയിൽ വിശ്വസിക്കുന്ന ആളാണ് താൻ. അതാണ് ഇപ്പോൾ ദീപ്തിക്കും സംഭവിച്ചിരിക്കുന്നതെന്നും അവർ‌ പ്രതികരിച്ചു.

‘ഇന്ന് പാർട്ടി വിധേയ ആണെന്ന് പറയുന്ന ദീപ്തി ഒരുകാലത്ത് അങ്ങനെ ആയിരുന്നില്ല. കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ പനമ്പള്ളി നഗറിൽ നിന്ന് എന്റെ എതിരാളിയായി വിമത സ്ഥാനാർത്ഥിയായാണ് ദീപ്തി മത്സരിച്ചത്. അന്ന് വി ഡി സതീശൻ പറഞ്ഞിട്ടാണ് അങ്ങനെ മത്സരിച്ചതെന്ന് ദീപ്തി പറഞ്ഞിരുന്നു. ഇന്ന് അതേ സതീശനാണ് മേയർ സ്ഥാനത്ത് നിന്ന് ദീപ്തിയെ വെട്ടിയതും. പ്രതിപക്ഷ നേതാവും എറണാകുളത്തെ എംഎൽഎമാരും എല്ലാവരും ചേർന്ന് കൂട്ടായി ദീപ്തിയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു’ – സിമി പറഞ്ഞു.

കൂടെ കൊണ്ടുനടന്നവരും വളർത്തിയവരും തന്നെയാണ് അവരെ ഇപ്പോൾ വെട്ടിയത്. പൊതുപ്രവർത്തനം അവസാനിപ്പിച്ച് തന്നോട് വീട്ടിലിരിക്കാൻ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും സിമി ചൂണ്ടിക്കാട്ടി. കെ കരുണാകരന്റെ മകൾക്ക് കോൺ​ഗ്രസ് പാർട്ടിയിൽ ഇരിക്കാൻ ഒരു കസേര പോലും കൊടുത്തിരുന്നില്ല. അവരോട് വീട്ടിൽ പോയി ഇരിക്കാനാണ് വി ഡി സതീശൻ പറഞ്ഞത്. രാഹുൽ ഗാന്ധി വന്നപ്പോൾ അവരെ സ്റ്റേജിൽ കയറ്റിയില്ല. പകരം ദീപ്തിയെ സ്റ്റേജിൽ കയറ്റി ഇരുത്തിയിട്ടുണ്ടെന്നും സിമി പറഞ്ഞു.

സിനിമയിലെ പോലെ കോൺഗ്രസിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് സിമി റോസ്ബെൽ ജോണിനെ കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ദീപ്തി മേരി വർഗീസിന് സംസ്ഥാന ഭാരവാഹിയാകാൻ വി ഡി സതീശൻ തന്നെ ഒതുക്കിയെന്നായിരുന്നു അന്ന് സിമി ഉന്നയിച്ച പ്രധാന ആരോപണം.

Comments are closed.