വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി| Kerala to Set Up Help Desks at Village Offices for SIR Draft Electoral Roll Inclusion | Kerala


Last Updated:

അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്നത് സര്‍ക്കാരിനുമുള്ള ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ സൗകര്യമൊരുക്കും. ഹെല്‍പ്പ് ഡെസ്കുകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായ നിർദേശങ്ങള്‍ നല്‍കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താല്‍ക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയില്‍ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടര്‍മാരെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്നത് സര്‍ക്കാരിനുമുള്ള ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതും വായിക്കുക: ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച ‘നേറ്റിവിറ്റി കാര്‍ഡ്’

ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫീസര്‍മാരുടെ ആവശ്യപ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ ക്യാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിച്ച് ആവശ്യമായ ബോധവല്‍ക്കരണവും നടത്തും.

2025 ലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നിന്ന് 24,08,503 പേര്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 19,32,000 പേര്‍ വോട്ടവകാശം ഉറപ്പാക്കാന്‍ രേഖകളുമായി വീണ്ടും ഹിയറിംങ്ങിന് ഹാജരാകേണ്ടിവരും. നിലവില്‍ 18 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവര്‍ അവരുടെ ബന്ധുത്വം 2002 ലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ചുരുക്കത്തില്‍ ഈ 19,32,000 പേരും തങ്ങളുടെ വോട്ടവകാശം സ്ഥാപിച്ചു കിട്ടാന്‍ വീണ്ടും ഈ പ്രക്രിയയില്‍ കൂടി കടന്നു പോകേണ്ട കഠിനമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അത് പൊതുമണ്ഡലത്തില്‍ ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാവുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്ന വ്യക്തികളാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് ഇവിടെ പ്രധാനം. ചില ബൂത്തുകളില്‍ അവിശ്വസനീയമായ തരത്തില്‍ വോട്ടമാര്‍ ഒഴിവാക്കപ്പെടുന്നു. ഉദാഹരണം. പോളിങ്ങ് സ്റ്റേഷന്‍ 138 ശ്രീവരാഹം. ഈ ബുത്തില്‍ ആകെയുള്ള 1224 വോട്ടര്‍മാരില്‍ 704 പേരുടെ വിവരം ലഭ്യമല്ല എന്നാണ് കാണുന്നത്. ഇത് സംശയാസ്പദമാണ്. സംസ്ഥാനത്ത് മറ്റു ചിലയിടങ്ങളിലും ഇതേ സാഹചര്യമുണ്ട്.

തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ അനാവശ്യ ധൃതിയില്‍ നടത്തുന്നത് ആശാസ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഒന്നിലധികം തവണ അഭ്യര്‍ത്ഥന നടത്തിയിട്ടും ധൃതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിതീവ്ര പരിശോധനയുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യത്തിന്‍റെ ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.