തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി Vv rajesh set to become first Mayor of BJP in Kerala at Thiruvananthapuram | Kerala


Last Updated:

നീണ്ട ചർച്ചയ്ക്കൊടുവിലാണ് മേയർ സ്ഥാനത്തേക്ക് വിവി രാജേഷിന്റെ പേര് നിർദേശിച്ചത്

News18
News18

തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. മുൻ ഡിജിപി ആർ ശ്രീലേഖ മേയറാകുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ അടുത്തിടെ മാത്രം പാർട്ടിയിലെത്തിയ ശ്രീലേഖ മേയറാകുന്നതിനോട് കൗൺസിലർമാരിലെ ഭൂരിപക്ഷവും എതിർപ്പ് പ്രകടിപ്പിക്കുകയും തുടർന്ന് നടന്ന നീണ്ട ചർച്ചയ്ക്കൊടുവിലാണ് മേയർ സ്ഥാനത്തേക്ക് വിവി രാജേഷിന്റെ പേര് നിർദേശിച്ചത്.

തങ്ങളുമായി കൂടിയാലോചനകൾ നടത്താതെ ശ്രീലേഖയുടെ പേരിലേക്ക് സംസ്ഥാന നേതൃത്വം പോയതിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബി.ജെ.പിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.

സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാണ് വിവി രാജേഷ്. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്.

തർക്കത്തെ തുടർന്ന് ശ്രീലേഖയുടെ വീട്ടിൽ വ്യാഴാഴ്ച ചർച്ചകൾ നടന്നിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരാണ് ശ്രീലേഖയുമായി ചർച്ച നടത്തിയത്. തലസ്ഥാനത്തെ ബിജെപിയുടെ സമരമുഖമായ രാജേഷിന് ആർഎസ്എസിന്റെ പൂർണ പിന്തുണ ലഭിച്ചതോടെ അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവരികയായിരുന്നു.

കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. കൊടുങ്ങാനൂർ വാർഡിൽ നിന്നും ഇത്തവണ ജയിച്ച വിവി രാജേഷ് കഴിഞ്ഞതവണ പൂജപ്പുരയിൽ നിന്നുള്ള അംഗമായിരുന്നു.

തൃപ്പൂണിത്തറ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി അഡ്വ. പിഎൽ  ബാബുവിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി രാധികാ വർമ്മയെയും ബിജെപി പ്രഖ്യാപിച്ചു.

Comments are closed.