പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി Pulikakandam family to support UDF in Pala Muncipality 21-year-old Diya chairperson | Kerala


Last Updated:

നഗരസഭയുടെ ഭരണം ആർക്കാണെന്നതിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാട് നിർണ്ണായകമായിരുന്നു

News18
News18

കോട്ടയം പാലാ നഗരസഭ യുഡിഎഫ് ഭരിക്കും. പുളിക്കക്കണ്ടം കുടുംബത്തിന്റെയും കോൺഗ്രസ് വിമത മായാ രാഹുലിന്റെയും പിന്തുണ ഉറപ്പാക്കിയതോടെയാണ് യുഡിഎഫിന് ഭരണം പിടിക്കാനായത്. ഇതോടെ പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും. 21 കാരിയായ ദിയ പുളിക്കക്കണ്ടം പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണാകുമ്പോൾ കോൺഗ്രസ് വിമതയായി വിജയിച്ച മായാ രാഹുൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തെത്തും. സ്ഥാനം ഏൽക്കുന്നതോടെ ദിയ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകും

നഗരസഭയുടെ ഭരണം ആർക്കായിരിക്കണമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാട് നിർണ്ണായകമായിരുന്നു. ബിനു പുളിക്കക്കണ്ടം, അദ്ദേഹത്തിന്റെ മകൾ ദിയ, സഹോദരൻ ബിജു എന്നിവർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചാണ് വിജയിച്ചത്. 26 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 12 സീറ്റും യുഡിഎഫിന് 10 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളും മായാ രാഹുലും അടങ്ങുന്ന സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിച്ചു.

വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം തന്റെ മകൾ ദിയയ്ക്ക് നൽകണമെന്ന ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യം യുഡിഎഫ് അംഗീകരിച്ചതോടെയാണ് സഖ്യത്തിന് വഴിയൊരുങ്ങിയത്. ഇതിന് പുറമെ തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മന്ത്രി വി.എൻ. വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥനും ബിനുവുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഒടുവിൽ യുഡിഎഫിനൊപ്പം നിൽക്കാനാണ് ബിനു പുളിക്കകക്കണ്ടം തീരുമാനമെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി

Comments are closed.