Last Updated:
മൂന്ന് വനിതാ കൗൺസിലർമാരാണ് അധ്യക്ഷ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നത്
കൊച്ചി: പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ സംഭവങ്ങൾ. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിക്ക് അധ്യക്ഷ പദവി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലറുടെ ഭർത്താവ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ഓഫീസ് ഒഴിപ്പിച്ചു. പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വനിതാ കൗൺസിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
വെറും ഒരു മാസം മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഓഫീസാണ് രാഷ്ട്രീയ തർക്കത്തെത്തുടർന്ന് അടിയന്തരമായി മാറ്റേണ്ടി വന്നത്. നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ കെട്ടിട ഉടമയായ കൗൺസിലറുടെ ഭർത്താവ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഓഫീസിന്റെ ബോർഡുകൾ മാറ്റുകയും വൈദ്യുതി ഫ്യൂസ് ഊരുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ഓഫീസ് ഉടൻ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് എംഎൽഎയുടെ ജീവനക്കാർ അറിയിച്ചു.
മൂന്ന് വനിതാ കൗൺസിലർമാരാണ് അധ്യക്ഷ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നത്. ഒടുവിൽ ഡിസിസി (DCC) നേതൃത്വം ഇടപെട്ട് നടത്തിയ വോട്ടെടുപ്പിന് ശേഷമാണ് സംഗീത കെ.എസിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തത്. 16 വോട്ടുകൾ നേടിയാണ് സംഗീത വിജയിച്ചത്. ധാരണപ്രകാരം ആദ്യ രണ്ടര വർഷം സംഗീത കെ.എസും ബാക്കി കാലാവധി ആനി മാത്യുവും അധ്യക്ഷ പദവി വഹിക്കും.
Kochi [Cochin],Ernakulam,Kerala

Comments are closed.