Last Updated:
താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ വട്ടിയൂര്‍ക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ മുൻ എംഎൽഎയുമായിരുന്ന കെ മുരളീധരൻ. താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു. മണ്ഡലത്തിലെ പല ഭാഗത്തുനിന്നും ആളുകൾ വരുന്നുണ്ടായിരുന്നുവെന്നും താൻ മറ്റൊരു സ്ഥലവും ഓഫീസിനായി തിരഞ്ഞെടുത്തിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.
കോർപറേഷൻ കെട്ടിടത്തിലെ മുറി പ്രശാന്ത് ഒഴിയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എന്ത് ചെയ്തുവെന്ന് പരിശോധിക്കണമെന്നും ആളുകൾക്ക് ക്വാർട്ടേഴ്സിലേക്ക് കയറിവരാൻ ഒരു തടസവുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കൗൺസിലർമാർക്ക് ഇരിക്കാനും ചെറിയ മുറി വേണം. ജനങ്ങൾ എപ്പോഴും അന്വേഷിക്കുന്നത് കൗൺസിലർമാരെയാണ്. തത്കാലം ഈ വിവാദത്തിൽ താൻ തലയിടുന്നില്ലെന്നും താൻ ഉള്ളപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
നേരത്തെ, വിവാദത്തിൽ വി കെ പ്രശാന്തിനെതിരെ കെ എസ് ശബരിനാഥനും രംഗത്തുവന്നിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നുവെന്ന് ശബരിനാഥന്‍ ചോദിച്ചു. എംഎല്‍എ ഉപയോഗിക്കുന്ന ഹോസ്റ്റലിന് മാസം 800 രൂപ മാത്രം വാടക വാങ്ങുന്നത് ശരിയായ നടപടിയല്ല. തിരുവനന്തപുരത്ത് ഒരു ചെറിയ ചായക്കട നടത്താന്‍ പോലും ഇതിലും വലിയ വാടക നല്‍കണം. ജവഹര്‍ നഗറില്‍ പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തില്‍ ചെറിയ കടമുറിക്ക് 15,000 രൂപ വരെ വാടക വാങ്ങുന്നുണ്ട്. എംഎല്‍എ ഓഫീസിന് 15,000 രൂപ വാടക വാങ്ങണമെന്ന് ഞാന്‍ പറയില്ല. പക്ഷെ 800 രൂപ വാങ്ങാന്‍ പാടില്ല. ഇതൊക്കെ പറയുമ്പോള്‍ കാവി അല്ലെങ്കില്‍ സംഘി പട്ടം ചുമത്തുന്നത് കണ്ട് പേടിക്കേണ്ടതില്ല. ഇവിടെ നിലപാട് പറയാന്‍ വേണ്ടി തന്നെയാണ് യുഡിഎഫിനെ വിജയിപ്പിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പറഞ്ഞു.
Summary: In the office room controversy, Congress leader and former Vattiyoorkavu MLA K. Muraleedharan has criticized current MLA V.K. Prasanth. Muraleedharan stated that when he was the MLA of Vattiyoorkavu, he used a room in the MLA quarters as his office and it never caused inconvenience to anyone. He added that people from various parts of the constituency used to visit him there, and he never selected any other location for an office.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
‘ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല’: കെ മുരളീധരൻ

Comments are closed.