Last Updated:
ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ജില്ലയായ കൊല്ലത്ത് പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്
കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് യുവക്ഷീരകർഷകൻ്റെ പ്രതിഷേധം. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ജില്ലയായ കൊല്ലത്ത് പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തൻ്റെ പശുവിൻ്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വിചിത്ര വാദമെന്ന് കർഷകനായ വിഷ്ണു പറയുന്നു. തനിക്കെതിരെ പൊലീസിൽ സൊസൈറ്റി കള്ളക്കേസ് നൽകിയെന്നും വിഷ്ണു ആരോപിക്കുന്നു.
ആറുവർഷമായി പശുക്കളെ വളർത്തുന്ന വിഷ്ണു, ഇത്രയും വർഷമായി ഇതേ സൊസൈറ്റിയിൽ പാൽ നൽകുന്നുണ്ട്. ഒരുവർഷമായാണ് പ്രശ്നം തുടങ്ങിയത്. പാൽ കൊടുത്ത് മടങ്ങുമ്പോള്‍, കൊണ്ടുവന്ന പാലിന് നിലവാരമില്ലെന്ന് വിളിച്ച് അറിയിക്കുകയും ബില്ല് നൽകാതെ ഇരിക്കുകയും ചെയ്യുന്നുവെന്ന് വിഷ്ണു പറയുന്നു. കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു വിഷ്ണു ഇന്ന് രാവിലെ സൊസൈറ്റിക്ക് മുന്നിലെത്തുകയും പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് വിഷ്ണുവിന്റെ ഭാര്യായിരുന്നു പാൽ സൊസൈറ്റിയിലെത്തിച്ചത്. ഇത് വാങ്ങാൻ സൊസൈറ്റിയിലുണ്ടായിരുന്നവർ തയാറായില്ല. പാൽ സൊസൈറ്റിയിലെ ചിലരുടെ താൽപര്യങ്ങൾകൊണ്ടാണ് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നതെന്നും വിഷ്ണു പറയുന്നു.
എന്നാൽ ഗുണനിലവാരമില്ലാത്ത പാലാണ് എത്തിക്കുന്നതെന്നും മറ്റു പാലിനോട് ചേർക്കുമ്പോൾ പിരിഞ്ഞുപോകുന്നുവെന്നും സൊസൈറ്റി ജീവനക്കാർ പറയുന്നു. അതുകാരണം നഷ്ടമുണ്ടാകുന്നുവെന്ന് കാട്ടി പൊലീസിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ വിഷ്ണുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kollam,Kollam,Kerala

Comments are closed.