Last Updated:
കണക്ക് പരീക്ഷയ്ക്ക് 40ൽ 38 മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് 2 മാർക്ക് കുറഞ്ഞതിനായിരുന്നു മർദനം
കൊല്ലം: ട്യൂഷൻ സെന്ററിലെ പരീക്ഷയിൽ 2 മാർക്ക് കുറഞ്ഞതിന് പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച് അധ്യാപകൻ. ഏരൂർ നെട്ടയം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ സെന്ററിലാണ് സംഭവം. കണക്ക് പരീക്ഷക്ക് ഫുൾമാർക്ക് വാങ്ങാത്തതിനാണ് വിദ്യാർത്ഥിനിയെ അതിക്രൂരമായി മർദിച്ചത്.
ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെയാണ് പരാതി. കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. കണക്ക് പരീക്ഷയ്ക്ക് 40ൽ 38 മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് 2 മാർക്ക് കുറഞ്ഞതിനായിരുന്നു മർദനം.
കൈവിരലുകൾക്ക് പൊട്ടലേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർക്ക് കുറഞ്ഞതിന് മറ്റു നിരവധി കുട്ടികൾക്കും മർദനമേറ്റുവെന്നാണ് പരാതി.
പഠിപ്പിച്ച കണക്ക് ബോധപൂർവം കുട്ടി തെറ്റിച്ചതിനാണ് മർദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകൻ രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ ട്യൂഷൻ സെന്റർ തല്ലി തകർത്തു. വിഷയം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. ട്യൂഷൻ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരനായ അധ്യാപകൻ ചട്ടവിരുദ്ധമായാണ് ട്യൂഷൻ സെന്റർ നടത്തുന്നതെന്നും പരാതിയുണ്ട്.
Kollam,Kollam,Kerala
Dec 30, 2025 10:14 PM IST
40ൽ38 മാർക്ക് കിട്ടിയിട്ടും തൃപ്തിയായില്ല, പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച് ട്യൂഷൻ അധ്യാപകൻ

Comments are closed.