Last Updated:
2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു
കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു.
മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 തിരഞ്ഞെടുപ്പുകളിൽ പുതുതായി രൂപീകരിച്ച കളമശ്ശേരിയിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി.
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിൻ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു, കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.
Kochi [Cochin],Ernakulam,Kerala

Comments are closed.