Last Updated:
അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലും പഴ്സുകളിലുമായി സെല്ലോടേപ്പ് ഒട്ടിച്ച് സൂക്ഷിച്ച നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്
ആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത് 4,52,202 രൂപ. ആലപ്പുഴ ചാരുംമൂട് മേഖലകളിലാണ് ഇയാൾ പതിവായി ഭിക്ഷാടനം നടത്തിയിരുന്നത്. ചാരുംമൂട് ഭാഗത്ത് വെച്ച് തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും, ആരോടും പറയാതെ ഇയാൾ ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ചാരംമൂട് നഗരത്തിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ വെച്ച് ഇയാളുടെ സഞ്ചി പരിശോധിച്ചപ്പോഴാണ് അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലും പഴ്സുകളിലുമായി സെല്ലോടേപ്പ് ഒട്ടിച്ച് സൂക്ഷിച്ച നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ആകെ കണ്ടെത്തിയ തുകയിൽ 2000 രൂപയുടെ 12 നോട്ടുകളും സൗദി റിയാലും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ആശുപത്രി രേഖകൾ പ്രകാരം കായംകുളം തൈപ്പറമ്പിൽ സ്വദേശിയാണ് ഇയാളെന്ന് സൂചനയുണ്ടെങ്കിലും ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ല. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗം ഫിലിപ്പ് ഉമ്മൻ, പോലീസ് ഉദ്യോഗസ്ഥരായ രാജേന്ദ്രൻ, രാധാകൃഷ്ണൻ നായർ, മണിലാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. നിലവിൽ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുടെ കൃത്യമായ വിലാസം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു.
Alappuzha,Kerala

Comments are closed.