Last Updated:
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ വായ്പത്തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎ പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30 മുതൽ കൊച്ചി കടവന്തറയിലുള്ള ഇഡിയുടെ ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ചോദ്യംചെയ്യൽ വൈകിട്ടുവരെ നീണ്ടു നിന്നു.
2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ വായ്പത്തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നവംബറില്‍ അന്‍വറിന്റെ വീട്ടിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. ഡിസംബര്‍ 31-ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിക്കുകായിരുന്നു. തുടര്‍ന്ന് ജനുവരി 7-ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചോദ്യം ചെയ്യൽ നടന്നത്.
പി.വി. അൻവറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ.എഫ്.സി) 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു . 2015-ൽ മാലാംകുളം കൺസ്ട്രക്ഷൻസിന്റെ പേരിൽ എടുത്ത 7.5 കോടി രൂപയുടെയും, പി.വി.ആർ. ഡെവലപ്പേഴ്‌സിന്റെ പേരിൽ എടുത്ത 3.05 കോടി, 1.56 കോടി രൂപയുടെയും വായ്പകളിലാണ് തിരിച്ചടവ് മുടങ്ങിയത്. ഒരേ വസ്തു തന്നെ ഈടായി നൽകി ഒന്നിലധികം വായ്പകൾ കൈപ്പറ്റിയതായി കെ.എഫ്.സി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തിൽ, അൻവറിന്റെ സ്ഥാപനങ്ങളിൽ 2016-ൽ 14.38 കോടി രൂപയായിരുന്ന ആസ്തി മൂല്യം 2021 ആയപ്പോഴേക്കും 64.14 കോടിയായി ഉയർന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളപ്പിച്ചത്.
Kochi [Cochin],Ernakulam,Kerala

Comments are closed.