Last Updated:
നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ ദിവസം താൻ കോടതിയിൽ ഉണ്ടായിരുന്നുവെന്നായിരുന്നു ചാൾസ് ജോർജ്ജിന്റെ അവകാശവാദം
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി, നടൻ ദിലീപ് കോടതി മുറിയിലേക്ക് എത്തിയപ്പോൾ എഴുന്നേറ്റ് നിന്നു എന്ന പരാമർശം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ചാൾസ് ജോർജിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചാൾസ് ജോർജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോട് കോടതി ഉത്തരവിട്ടു. അഭിഭാഷകരായ രാഹുൽ ശശിധരൻ, ഗിജീഷ് പ്രകാശ് എന്നിവർ മുഖേന പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
ദിലീപ് കോടതിയിൽ വന്നപ്പോൾ ജഡ്ജി ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നെന്നും കേസിലെ യഥാർത്ഥ പ്രതികൾ രക്ഷപെട്ടു എന്നുമായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ ചാൾസ് ജോർജ് പ്രതികരിച്ചത്.വിധിപറഞ്ഞ ദിവസം താൻ കോടതിയിൽ ഉണ്ടായിരുന്നുവെന്നായിരുന്നു ചാൾസ് ജോർജ്ജിന്റെ അവകാശവാദം.കോടതി വിധി പക്ഷപാതപരമാണെന്നും നീചമാണെന്നും ചാൾസ് ജോർജ് ആരോപിച്ചിരുന്നു.
ചാൾസ് ജോർജിന്റെ പരാമർശങ്ങൾ കോടതിയുടെ അന്തസിനെ തകർക്കാനും ബോധപൂർവ്വം പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും ലക്ഷ്യം വച്ചുള്ളതാണെന്നും പരാതിയിൽ പറയുന്നു. ചാൾസ് ജോർജിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം അടങ്ങിയ വീഡിയോയും കോടതിയിൽ ഹാജരാക്കിയിരുന്നു. നടിയ അക്രമിച്ച കേസിൽ ഡിസംബർ എട്ടിന് എറണാകുളം സെഷൻസ് കോടതി വിധി പറഞ്ഞതിന് പിന്നാലെയായിരുന്നു ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ചാൾസ് ജോർജ്ജിന്റെ പരാമർശം
Kochi [Cochin],Ernakulam,Kerala
Jan 15, 2026 10:23 PM IST

Comments are closed.