‘വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്’; തന്ത്രി സമൂഹത്തെ അപമാനിക്കാൻ ശ്രമമെന്ന് യോഗക്ഷേമ സഭ| Yogakshema Sabha says vaji vahanam Belongs to Thantri Attempt to Defame Thantris | Kerala


Last Updated:

തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും യോഗക്ഷേമ സഭ

വാജി വാഹനം
വാജി വാഹനം

കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവർക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ.പി എൻ ഡി നമ്പൂതിരി പറഞ്ഞു.

2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദേവസ്വം മാന്വലിൽ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘2017 കാലത്ത് ആന്ധ്രയിൽ നിന്നും വന്ന മൂന്നുപേർ കൊടിമരത്തിന്റെ താഴെ മെർക്കുറി ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം ആയത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. മെർക്കുറി ഒഴിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവപ്രശ്നം നടത്തി കൊടിമരം മാറ്റാൻ തീരുമാനമാകുന്നത്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നു. അപ്പോൾ ദേവസ്വം ബോർഡ് ആ കാര്യങ്ങൾ മനസ്സിലാക്കിയാണ് തന്ത്രിക്ക് വാജി വാഹനം നൽകിയത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് ഇത് വീട്ടിൽ സൂക്ഷിക്കാവുന്നതാണ്. ബോർഡിൻറെ സമ്മതത്തോടെ തന്ത്രിക്ക് ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്നും പിടിച്ചെടുത്തത് ശരിയാണോ? ചൈതന്യമുള്ള അത്തരം വസ്തുക്കൾ വീട്ടിൽ കൊണ്ടു വെക്കാൻ പലരും ഭയക്കും. അത്തരക്കാർ അത് തിരിച്ചേൽപ്പിക്കുമായിരിക്കും. ഏൽപിക്കണമെന്ന് നിയമമുണ്ടോ? ഏൽപിച്ചില്ലെങ്കിൽ കുറ്റവാളിയാകുമോ ? എങ്കിൽ എന്തിനാണ് കൊടുക്കുന്നത് ? കോടതിയിൽ ഹാജരാക്കാൻ വാജിവാഹനം തൊണ്ടി മുതലാണോ? മോഷണം പോയെന്ന് ആരെങ്കിലും പരാതികൊടുത്തിട്ടുണ്ടോ ? സ്വർണം എന്നത് വെട്ടി ചെമ്പാക്കി കൊള്ളക്ക് കുട്ടുനിന്ന എല്ലാവരെയും അണിയറയിൽ നിർത്തിയിട്ട് തന്ത്രിയിലും മേൽശാന്തിമാരിലും കുറ്റം ആരോപിക്കുന്ന രീതി സംശയാസ്പദമാണ്’- യോഗക്ഷേമ സഭ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജി വാഹനം ക്ഷേത്ര തന്ത്രി കട്ടുകൊണ്ടു പോയതാണ് എന്ന രീതിയിൽ SIT കേസെടുക്കുകയും അത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ക്ഷേത്ര തന്ത്രിമാർ ഇത്തരം ബിംബങ്ങൾ കട്ടുകൊണ്ടു പോവുകയാണ് എന്ന വ്യാജ പ്രചരണം ക്ഷേത്ര വിരോധികളും ഭരണകുടസിൽബന്ധികളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ അതുകൊണ്ട് വിധിപ്രകാരം കൊടുത്ത അല്ലെങ്കിൽ ദക്ഷിണയായി സമർപ്പിച്ച വസ്തുക്കൾ ഒക്കെ കട്ടുകൊണ്ടു പോയതാണ് എന്ന പ്രചാരണം ദൂരവ്യാപകമായി മറ്റ് പല പ്രശ്നങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവർക്കും തന്ത്രിമാർക്കും ഉണ്ടാക്കും.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ മാത്രമല്ല അവിടെ നടക്കുന്ന ശാസ്ത്ര വിരുദ്ധമായ എല്ലാ പ്രവർത്തികളും തടയാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം ക്ഷേത്രതന്ത്രിക്ക് ഉണ്ടെന്നിരിക്കെ. സ്വന്തം സ്ഥാനം നിലനിർത്താൻ വേണ്ടിയോ അല്ലെങ്കിൽ സ്വാർത്ഥലാഭത്തിനു വേണ്ടിയോ മൗനാനുവാദം നൽകിയെങ്കിൽ തന്ത്രിയും ശിക്ഷാർഹനാണെന്നും സഭ വ്യക്തമാക്കി.

Comments are closed.