Last Updated:
രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ജോലി സമയത്ത് ഉദ്യോഗസ്ഥർ കൃത്യമായി സീറ്റിലുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു
തിരുവനന്തപുരം: നഗരസഭാ ഓഫീസുകളിൽ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ജോലി സമയത്ത് ഉദ്യോഗസ്ഥർ കൃത്യമായി സീറ്റിലുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നഗരസഭയുടെ പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ.
കൊടി കെട്ടുന്നതിനോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനോ തടസ്സമില്ലെങ്കിലും, അത് ജോലി സമയത്ത് പാടില്ലെന്ന് മേയർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ കഴിഞ്ഞാലുടൻ ഫ്ലക്സുകളും തോരണങ്ങളും നീക്കം ചെയ്യണം. നഗരത്തിന്റെ ഭംഗി നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല. ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ സൗഹാർദ്ദപരമായി പെരുമാറണമെന്നും പൊതുജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതെന്ന ബോധം വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഫയലുകൾ പിടിച്ചുവെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി തുടരാനാവില്ല. ഓരോ അപേക്ഷയിലും സമയബന്ധിതമായി തീരുമാനമെടുക്കണം. അനാവശ്യമായി ഫയലുകൾ താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മേയർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.