Last Updated:
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മും ബിജെപിയും നടത്തുന്ന വർഗീയ പ്രചാരണങ്ങളുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുതെന്ന് സതീശൻ
എൻഎസ്എസിനെ എസ്എൻഡിപിയുമായി അകറ്റുന്നതിൽ മുസ്ലീം ലീഗിന് എന്ത് പങ്കാണുള്ളതെന്നും എന്തിനാണ് ലീഗിനെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഎസ്എസ്-എസ്എൻഡിപി ബന്ധം തകർത്തത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മും ബിജെപിയും നടത്തുന്ന വർഗീയ പ്രചാരണങ്ങളുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുതെന്ന് സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായത്തെയും വഹിക്കുന്ന സ്ഥാനത്തെയും മാനിച്ച് കൂടുതൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗിന് എങ്ങനെയാണ് മറ്റ് രണ്ട് സമുദായ സംഘടനകൾ തമ്മിലുള്ള ബന്ധം തകർക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടുകൾ ഒന്ന് തന്നെയാണ്. എൻഎസ്എസും എസ്എൻഡിപിയും ഒന്നിച്ച് നിൽക്കുന്നത് സമൂഹത്തിന് നല്ല സന്ദേശമാണ് നൽകുന്നത്. കേരളത്തിലെ ജനങ്ങൾ മതേതരവാദികളാണെന്നും ഇവിടെ മതധ്രുവീകരണത്തിന് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ നേതാവായ വെള്ളാപ്പള്ളി നടേശൻ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ഭാഗമാകരുത്. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് യാതൊരു ആശങ്കയുമില്ലെന്നും മതേതര കേരളം മുന്നണിക്കൊപ്പമുണ്ടാകുമെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. മതേതരത്വത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും വിദ്വേഷ പ്രചാരകർക്ക് കേരളം കൃത്യമായ മറുപടി നൽകുമെന്നും വിഡി സതീശൻ പറഞ്ഞു
Thiruvananthapuram,Kerala
‘മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്’; വിഡി സതീശൻ

Comments are closed.