Last Updated:
ജനുവരി 23ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രിയിലെ സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കും.
തിരുവനന്തപുരം: സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാൻ കേരളം ഒരുങ്ങി. മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തിൽ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കൾക്ക് സംസ്ഥാനതല അംഗീകാരം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ജനുവരി 23ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രിയിലെ സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കും.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മാണുക്കൾ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുക, സൂക്ഷ്മാണുക്കളെ സംബന്ധിച്ച ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും പ്രകൃതി അധിഷ്ഠിതവുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മജീവി വൈവിധ്യം സംരക്ഷിക്കുക, ലൈഫ് സയൻസ് രംഗത്തേക്ക് കൂടുതൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കാൻ കേരളം തയാറെടുക്കുന്നത്.
സാധാരണയായി രോഗകാരികളെന്ന ധാരണയിൽ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷ്മാണുക്കൾ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളിൽ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ സൂക്ഷ്മാണുക്കൾ നൽകുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചർച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്. ആരോഗ്യ – പരിസ്ഥിതി മേഖലകളിൽ സൂക്ഷ്മാണുക്കളുടെ പ്രാധാന്യം അംഗീകരിക്കുകയും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ നീക്കം സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
നിർദേശം അംഗീകരിച്ച സംസ്ഥാന സർക്കാർ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായ വിദഗ്ധ സമിതി രൂപീകരിച്ചു. ക്ലിനീഷ്യന്മാർ, ശാസ്ത്രജ്ഞർ, പ്രൊഫസർമാർ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ട ഈ സമിതിയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ തിരഞ്ഞെടുത്തത്. രോഗകാരിയല്ലാത്തതും, കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തതും, വിവിധ മേഖലകളിൽ പ്രയോഗയോഗ്യവും സാമ്പത്തിക മൂല്യമുള്ളതും, GRAS (Generally Recognized As Safe) പദവി ലഭിച്ചതുമായ സൂക്ഷമാണുവിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളിലെല്ലാം ഗുണകരമാകുന്ന ബാക്ടീരിയാണ് ഇത്.
കേരളത്തിന്റെ തനതായ പുളിപ്പിച്ച ഭക്ഷണങ്ങളും ആധുനിക പ്രോബയോട്ടിക്കുകളും ഗുണകരമായ സൂക്ഷ്മജീവികളുടെ സമൃദ്ധമായ ഉറവിടങ്ങളാണ്. സ്വദേശീയ സൂക്ഷ്മജീവി സമൂഹങ്ങളെ സംരക്ഷിക്കുന്നതിലൂടെ കൃഷി- ആരോഗ്യസംരക്ഷണം- പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സുസ്ഥിര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഈ മേഖലകളിലെല്ലാം രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന പ്രവണത ഇല്ലാതാക്കാനും സാധിക്കും. വൺ ഹെൽത്ത് കാഴ്ചപ്പാടിലൂന്നി മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളുടെയാകെ സംരക്ഷണത്തിനായുള്ള പഠനങ്ങളും നൂതനാശയങ്ങളും ശാസ്ത്രവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.
ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ള സംസ്ഥാന സൂക്ഷ്മജീവിക്ക് പ്രാദേശിക പ്രാധാന്യമുണ്ടാകുമെങ്കിലും സൂക്ഷ്മജീവികൾ അതിർത്തികളെ അതിജീവിക്കുന്നതിനാൽ ഈ സംരംഭം മറ്റ് സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും പ്രസക്തമാണ്. കേരളത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മജീവികളുടെ അനുകൂല സ്വാധീനവും മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യത്തിൽ അവ വഹിക്കുന്ന നിർണായക പങ്കും അംഗീകരിക്കുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകകൂടിയാണ് ചെയ്യുന്നത്. 2013-ൽ ലാക്ടോബാസില്ലസ് ഡെൽബ്രൂക്കീ സബ്സ്പ്. ബൾഗാരിക്കസ് (Lactobacillus delbrueckii subsp. bulgaricsu) എന്ന ബാക്ടീരിയയെ ഇന്ത്യയുടെ ദേശീയ സൂക്ഷമാണുവായി പ്രഖ്യാപിച്ചിരുന്നു. പുളിപ്പിക്കൽ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വർധനയും നൽകുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്.
Summry: Following the tradition of designating an official state animal, bird, tree, fruit, and flower, Kerala is now set to declare its own official State Microbe. Kerala will be the first state in India to grant state-level recognition to microorganisms, which profoundly influence human life and the environment. Chief Minister Pinarayi Vijayan will announce the State Microbe on January 23 at an event held at the Center for Excellence in Microbiome at Kinfra, Kazhakoottam, Thiruvananthapuram.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.