Last Updated:
കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയായതിനാൽ, ഈ കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാനാകില്ല
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ബുധനാഴ്ച വിധി പറയും. ദ്വാരപാലക ശിൽപത്തിലെ സ്വർണം മോഷ്ടിച്ച കേസിലാണ് ജാമ്യാപേക്ഷ. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിൽ വാദിക്കുന്നത്.
അതേസമയം, കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയായതിനാൽ, ഈ കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാനാകില്ല. എന്നാൽ മൂന്നാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.
സ്വർണകൊള്ള കേസിലെ ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കേസിൽ 2025 ഒക്ടോബർ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം വിറ്റ് പണമാക്കിയെന്ന് പോറ്റി സമ്മതിച്ചിരുന്നു.
ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്നും വെളിപ്പെടുത്തൽ. ഇതോടെ ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചനയും സംഘടിത മോഷണവുമാണെന്ന് തെളിയുകയാണ്.
ദ്വാരപാലക ശിൽപപാളിയിലെയും ശ്രീകോവിൽ വാതിലിന്‍റെ കട്ടിളപ്പടിയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ രണ്ടുകേസുകളിലുംകൂടി 13 പ്രതികളാണുള്ളത്. ഇവർക്ക് പുറമെ മറ്റ് ചിലരുടെയും പേരുകൾ അന്വേഷണ സംഘത്തോട് പോറ്റി പങ്കുവെച്ചു. സ്പോൺസർമാരിൽനിന്ന് ലഭിച്ച സ്വർണം പണമാക്കി ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും മൊഴി നൽകി.
Kollam,Kollam,Kerala

Comments are closed.