കേരളത്തിൽ സോഷ്യലിസം പാരമ്യത്തിലാണെന്ന് സുപ്രീം കോടതിയുടെ പരിഹാസം  Supreme Court says socialism is at its peak in kerala | കേരള വാർത്ത


Last Updated:

കോർപ്പറേറ്റുകൾക്ക് വേണ്ടി ഭൂപരിഷ്കരണ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി

സുപ്രീംകോടതി
സുപ്രീംകോടതി

കേരളത്തിൽ സോഷ്യലിസം അതിന്റെ പാരമ്യത്തിലാണെന്ന പരിഹാസവുമായി സുപ്രീം കോടതി. വൻകിട കോർപ്പറേറ്റുകളെപ്പോലും ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം സർക്കാർ കുടിയാന്മാരായി കണക്കാക്കുന്നുണ്ടാകാമെന്നായിരുന്നു കോടതിയുടെ പരിഹാസം. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകിയ സ്ഥലം ഉടമയ്ക്ക് തിരിച്ചുനൽകണമെന്ന ഉത്തരവിനിടെയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ പരാമർശം. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭൂപരിഷ്കരണ നിയമം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.

എറണാകുളം എളംകുളം വില്ലേജിൽ ഇന്ത്യൻ ഓയിലിനു പാട്ടത്തിനു നൽകിയ 20 സെന്റ് ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 1994-ലാണ് ഉടമ കോടതിയെ സമീപിച്ചത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിലെ 106-ാം വകുപ്പിന്റെ ആനുകൂല്യം ഇന്ത്യൻ ഓയിലിനുണ്ടെന്ന് പറഞ്ഞ് ലാൻഡ് ട്രിബ്യൂണലും വിചാരണക്കോടതിയും ഈ ആവശ്യം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഭൂമി തിരികെ നൽകാൻ ഉത്തരവിട്ടെങ്കിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, ആറുമാസത്തിനകം ഭൂമി ഉടമയ്ക്ക് കൈമാറണമെന്ന് ഉത്തരവിട്ടു.

കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയാണെങ്കിൽ ഇത്തരം സംരക്ഷണം മനസ്സിലാക്കാമായിരുന്നു എന്നും എന്നാൽ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമിയുടെ കാര്യത്തിൽ ഇതെന്ത് ഭൂപരിഷ്കരണമാണെന്നും കോടതി ചോദിച്ചു.വാണിജ്യ, വ്യവസായ ഭൂമിയിലെ വാടകക്കാർക്കു പരിരക്ഷ നൽകുന്ന ഭൂപരിഷ്കരണ നിയമത്തിലെ 106–ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെയായായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.1967-നു മുൻപ് അത്തരം ഭൂമിയിൽ കെട്ടിടം നിർമിച്ചവർക്ക് കുടിയിറക്കുന്നതിൽനിന്നു 106–ാം വകുപ്പ് പരിരക്ഷ നൽകുന്നുണ്ട്.

Comments are closed.