പ്ലാസ്റ്റർ മുറിച്ചപ്പോൾ നവജാത ശിശുവിന്റെ വിരലറ്റു; പരാതിയുമായി മാതാപിതാക്കൾ | Newborn`s finger accidentally cut off at a private hospital in Kunnamkulam | കേരള വാർത്ത


Last Updated:

ആദ്യം ചെറിയ മുറിവാണെന്ന് പറഞ്ഞ് അധികൃതർ വിവരം മറച്ചുവെക്കാൻ ശ്രമിച്ചു

News18
News18

തൃശ്ശൂർ: സ്വകാര്യ ആശുപത്രിയിൽ അഞ്ചുദിവസം പ്രായമായ നവജാതശിശുവിന്റെ വിരൽ ചികിത്സാപ്പിഴവിനെത്തുടർന്ന് അറ്റുപോയി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ പെൺകുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്. ബുധനാഴ്ച പുലർച്ചെ ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാനായി എൻഐസിയുവിലേക്ക് കൊണ്ടുപോയ കുഞ്ഞിന്റെ കൈയിലെ പ്ലാസ്റ്റർ ബ്ലേഡ് ഉപയോഗിച്ച് മാറ്റുന്നതിനിടെ അശ്രദ്ധമായി തള്ളവിരൽ മുറിയുകയായിരുന്നു.

ആദ്യം ചെറിയ മുറിവാണെന്ന് പറഞ്ഞ് അധികൃതർ വിവരം മറച്ചുവെക്കാൻ ശ്രമിച്ചെന്നും, പിന്നീട് എൻഐസിയുവിൽ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് വിരൽ പകുതിയോളം അറ്റുപോയ വിവരം ശ്രദ്ധയിൽപ്പെട്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പുലർച്ചെ അഞ്ചരയ്ക്ക് പരിക്കേറ്റിട്ടും രാവിലെ 10 മണിക്ക് ഡോക്ടർ എത്തുന്നതുവരെ കുഞ്ഞിന് മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്.

ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുന്ന രേഖാമൂലമുള്ള ഉറപ്പ് അധികൃതർ നൽകാത്തതിനെത്തുടർന്ന് മാതാപിതാക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Comments are closed.