Last Updated:
കർമ്മം ചെയ്യാൻ പോയ മന്ത്രവാദിക്ക് അബദ്ധം പറ്റി. ലക്ഷ്യം വെച്ച വീട് മാറി തൊട്ടടുത്തുള്ള മറ്റൊരു പ്രവാസിയുടെ വീട്ടിലാണ് ഇയാൾ ‘കൂടോത്ര സാധനങ്ങൾ’ നിക്ഷേപിക്കാൻ എത്തിയത്
കുടുംബപ്രശ്നങ്ങൾ തീർക്കാൻ മന്ത്രവാദിയെ വാടകയ്ക്കെടുത്ത ഭർത്താവിനും മന്ത്രവാദിക്കും പണി കിട്ടി. വിദേശത്ത് ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ വീടും സ്വത്തും ഭാര്യ സ്വന്തം പേരിലാക്കുകയും, തന്നെ വീട്ടിൽ കയറ്റാതിരിക്കാൻ ഗാർഹിക പീഡനത്തിന് പരാതി നൽകുകയും ചെയ്തതോടെയാണ് ചുടലമുക്ക് സ്വദേശിയായ ഭർത്താവ് ഒരു ‘കൂടോത്രക്കാരനെ’ സമീപിച്ചത്. തന്റെ സങ്കടങ്ങൾ തീർക്കാൻ ഈങ്ങാപ്പുഴ കരികുളം സ്വദേശിയായ മന്ത്രവാദി സുനിലിനെ ഇയാൾ ഏൽപ്പിച്ചു.
എന്നാൽ, കർമ്മം ചെയ്യാൻ പോയ മന്ത്രവാദിക്ക് അബദ്ധം പറ്റി. ലക്ഷ്യം വെച്ച വീട് മാറി തൊട്ടടുത്തുള്ള മറ്റൊരു പ്രവാസിയുടെ വീട്ടിലാണ് ഇയാൾ ‘കൂടോത്ര സാധനങ്ങൾ’ നിക്ഷേപിക്കാൻ എത്തിയത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ആരുമില്ലെന്ന് കരുതി ഗേറ്റ് തുറന്ന് അകത്തു കടന്ന മന്ത്രവാദി, മുറ്റത്തെ തെങ്ങിൻ തടത്തിൽ മന്ത്രപ്പൊടികളും മറ്റും വിതറി വേഗത്തിൽ സ്ഥലം വിട്ടു.
പക്ഷേ, വീട്ടിനുള്ളിലിരുന്ന വീട്ടമ്മയും മകളും സിസിടിവി മോണിറ്ററിലൂടെ ഇതെല്ലാം തത്സമയം കാണുന്നുണ്ടായിരുന്നു. ക്യാമറയിലെ സെൻസർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നീല ഷർട്ടും മുണ്ടും ധരിച്ച ഒരാൾ വീട്ടുമുറ്റത്ത് അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരും സ്കൂട്ടറിൽ പിന്തുടർന്ന് ചുങ്കം ബസ് സ്റ്റാൻഡിൽ വെച്ച് മന്ത്രവാദിയെ പിടികൂടി. നാട്ടുകാർ കൂടി എത്തിയതോടെ സംഭവം വഷളായി.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഥയിലെ ട്വിസ്റ്റ് പുറത്തുവരുന്നത്. തന്നെ ഏൽപ്പിച്ച വീട് മാറിപ്പോയതാണെന്ന് മന്ത്രവാദി പോലീസിനോട് സമ്മതിച്ചു. തുടർന്ന് ‘ക്വട്ടേഷൻ’ നൽകിയ ഭർത്താവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വഞ്ചിക്കപ്പെട്ട പ്രവാസിയുടെ അവസ്ഥയും മന്ത്രവാദിയുടെ അമളിയും കേട്ട് ഒടുവിൽ താക്കീത് നൽകി പോലീസ് ഇരുവരേയും വിട്ടയച്ചു.
Kozhikode [Calicut],Kozhikode,Kerala
വീടും സ്വത്തും ഭാര്യ സ്വന്തം പേരിലാക്കി; ഭർത്താവ് കൂടോത്രം ചെയ്യാൻ ഏൽപിച്ച മന്ത്രവാദിക്ക് വീടുമാറി; പിടിയിലുമായി

Comments are closed.