മൂന്ന് അമൃത് ഭാരത് ഉൾപ്പെടെ 4 ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; സ്വനിധി ക്രെഡിറ്റ് കാര്‍ഡും നാടിന് സമർപ്പിച്ചു PM Narendra Modi Flags Off 4 Trains Including Three Amrit Bharat Express Dedicates SVANidhi Credit Cards and Various Projects to the Nation | കേരള വാർത്ത


Last Updated:

മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിലെ ജനങ്ങൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം

അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നു
അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവനന്തപുരം: അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്, തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെന്റർ, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന- ഉദ്ഘാടന കർമങ്ങളാണ് അദ്ദേഹം നിർവഹിച്ചത്.

മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേന്ദ്രസർക്കാർ കഴിഞ്ഞ 11 വർഷം നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം സംസാരിച്ചത്. നഗരത്തിലെ ദരിദ്ര വിഭാഗങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. പ്രധാനമന്ത്രി ആവാസ് യോജന വഴി നാലു കോടിയിലേറെ വീടുകളാണ് നിർമ്മിച്ച് കൈമാറിയത്. ഇതിൽ ഒരു കോടിയിലേറെ വീടുകൾ നഗരത്തിലാണ്. കേരളത്തിലും 25 ലക്ഷം നഗരവാസികൾക്ക് വീട് ലഭിച്ചു.

ദരിദ്ര വിഭാഗങ്ങളുടെ വൈദ്യുതി ബിൽ കുറയ്‌ക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കി. 12 ലക്ഷത്തോളം വാർഷിക വരുമാനത്തിന് ആദായനികുതി ഒഴിവ് നൽകി. ഇതിലൂടെ കേരളത്തിലെ മധ്യവർഗ്ഗക്കാർക്കും ശമ്പളം വാങ്ങുന്നവർക്കും പ്രയോജനം ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മാതൃവന്ദന പദ്ധതി, അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് എന്നവയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

മുൻപ് തെരുവിൽ കച്ചവടം ചെയ്യുന്നവരുടെ കാര്യം വലിയ കഷ്ടമായിരുന്നു. 100 രൂപയെങ്കിലും വായ്പയ്‌ക്ക് വലിയ പലിശയാണ് നൽകേണ്ടി വന്നത്. പിഎം സ്വനിധി ഇതിനൊരു പരിഹാരമാണ്. ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്ക് വായ്പ ലഭിക്കാൻ തുടങ്ങിയത് ഈ പദ്ധതി വഴിയാണ്. ഇന്ന് ഭാരത് സർക്കാർ പി എം സ്വനിധി ക്രെഡിറ്റ് കാർഡുകളും നൽകി. കേരളത്തിൽ മാത്രം പതിനായിരത്തോളം വഴിയോരക്കച്ചവടക്കാർക്ക് കാർഡുകൾ ലഭിക്കും. ധനികർക്ക് മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നത്. ഇന്ന് തെരുവ് കച്ചവടക്കാരുടെ കയ്യിലും സ്വാനിധി ക്രെഡിറ്റ് കാർഡ് ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിലെ ജനങ്ങൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കേരളത്തിൽ വികസനത്തിന് ഇത് വേഗത വർധിപ്പിക്കും. വികസിത ഭാരതത്തോടൊപ്പം വികസിത കേരളമാണ് ലക്ഷ്യം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പൂർണ ആത്മവിശ്വാസത്തോടെയും ശക്തിയോടെയും കേരളത്തോടൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മൂന്ന് അമൃത് ഭാരത് ഉൾപ്പെടെ 4 ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; സ്വനിധി ക്രെഡിറ്റ് കാര്‍ഡും നാടിന് സമർപ്പിച്ചു

Comments are closed.