‘ഗണേഷ് ഉമ്മൻചാണ്ടിയോട് നെറികേട് കാട്ടി, മരിച്ചിട്ടും വേട്ടയാടുന്നു’; തർക്കത്തിൽ ഇടപെടാൻ കോൺഗ്രസ് നേതൃത്വം| Congress Leadership Steps In as Row Intensifies Between Ganesh Kumar and Chandy Oommen | കേരള വാർത്ത


Last Updated:

അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ​​ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺ​ഗ്രസ് വിമർശനമുന്നയിച്ചു

ഗണേഷ് കുമാർ, ഉമ്മൻചാണ്ടി, ചാണ്ടി ഉമ്മൻ
ഗണേഷ് കുമാർ, ഉമ്മൻചാണ്ടി, ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഗണേഷ് കുമാർ- ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺ​ഗ്രസ് നേതൃത്വം. അന്തരിച്ച ഉമ്മൻചാണ്ടിക്കെതിരെ ഗണേഷ് കുമാർ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും, അത് ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ​​ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺ​ഗ്രസ് വിമർശനമുന്നയിച്ചു.

തന്നെ സ്നേഹിച്ച പോലെയാണ് ഉമ്മൻചാണ്ടി ഗണേഷ് കുമാറിനെയും സ്നേഹിച്ചതെന്നും കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും പത്തനാപുരത്തെ പരിപാടിയിൽ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ‘എന്റെ പിതാവും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പ സ്നേഹിച്ചത്. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല’- ചാണ്ടി ഉമ്മൻ പറഞ്ഞു.

കൊല്ലം പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗണേഷിനെതിരെ ചാണ്ടി ഉമ്മന്റെ പരാമർശം. ‌സോളാർ പരാതിക്കാരിയുടെ പരാതി 18 പേജിൽ നിന്നും 24 പേജായി ഉയർന്നതിന് പ്രധാന കാരണക്കാരൻ ഗണേഷ് കുമാറാണെന്നും ഇതു സംബന്ധിച്ച കേസ് കൊട്ടാരക്കര കോടതിയിൽ നടക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും തന്നെ ചെയ്തിട്ടില്ല. ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും ഒക്കെ യാത്ര ചെയ്തു എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.‌

ചാണ്ടി ഉമ്മന് ഗണേഷ് കുമാറിന്റെ മറുപടി

തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തിരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു’, കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.‌

Summary: The Congress leadership has decided to intervene in the ongoing dispute between K.B. Ganesh Kumar and Chandy Oommen. The leadership stated that Ganesh Kumar is spreading falsehoods against the late Oommen Chandy and that the party has decided to counter this move forcefully. The Congress further clarified that they will not stand idly by while attempts are made to “hunt” Oommen Chandy even after his passing.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഗണേഷ് ഉമ്മൻചാണ്ടിയോട് നെറികേട് കാട്ടി, മരിച്ചിട്ടും വേട്ടയാടുന്നു’; തർക്കത്തിൽ ഇടപെടാൻ കോൺഗ്രസ് നേതൃത്വം

Comments are closed.