ഗ്രീമയ്ക്ക് ഐശ്വര്യമില്ലെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ ഉപേക്ഷിച്ചു’:അച്ഛൻ കരുതിയ സയനൈഡ് കൊണ്ട് മരണം | Greema was abandoned by her husband claiming she lacked luck the duo died using the cyanide stored by her father | കേരള വാർത്ത


Last Updated:

സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി

​​ഗ്രീമയുടെ  വിവാഹ ചിത്രം
​​ഗ്രീമയുടെ വിവാഹ ചിത്രം

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരമായ മാനസിക പീഡനമെന്ന് റിപ്പോർട്ടുകൾ. ഐശ്വര്യമില്ലെന്ന് ആക്ഷേപിച്ച് ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ഉപേക്ഷിച്ചതിലുള്ള മനോവിഷമമാണ് സജിതയെയും മകൾ ഗ്രീമയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. അയർലണ്ടിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ ഉണ്ണിക്കൃഷ്ണൻ വിവാഹം കഴിഞ്ഞ് വെറും 25 ദിവസത്തിന് ശേഷമാണ് ഗ്രീമയെ ഉപേക്ഷിച്ചത്.

വർഷങ്ങളായി പരിശ്രമിച്ചിട്ടും തനിക്ക് പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിയാത്തത് ഗ്രീമയുടെ ഐശ്വര്യക്കേട് കൊണ്ടാണെന്ന് ഉണ്ണിക്കൃഷ്ണൻ വിശ്വസിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അടുത്തിടെ നാട്ടിലെ ഒരു മരണാനന്തര ചടങ്ങിനെത്തിയപ്പോൾ ബന്ധുക്കളുടെ മുന്നിൽ വെച്ച് ഇയാൾ ഗ്രീമയെയും അമ്മയെയും പരസ്യമായി അധിക്ഷേപിച്ചു. യാത്ര പറയാനെത്തിയ ഗ്രീമയോട് “നീ ആരാണെന്നും നിന്നെ ഇനി ആവശ്യമില്ലെന്നും” ക്രൂരമായി പ്രതികരിച്ചു. ഈ അപമാനം താങ്ങാനാവാതെ അമ്മ സജിതയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും, ഇതാണ് പെട്ടെന്ന് ജീവനൊടുക്കാൻ പ്രേരണയായതെന്നും ബന്ധുക്കൾ മൊഴി നൽകി.

200 പവൻ സ്വർണ്ണവും വീടും വസ്തുവകകളും നൽകിയാണ് ഗ്രീമയെ വിവാഹം കഴിച്ചയച്ചത്. എന്നിട്ടും മകളെ ഉപേക്ഷിച്ചതിലുള്ള അപമാനഭാരം സഹിക്കാനാവുന്നില്ലെന്ന് സജിത ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശമയച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന സജിതയുടെ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഗ്രീമയുടെ പിതാവ് രാജീവ് സൂക്ഷിച്ചിരുന്ന സയനൈഡ് ഉപയോഗിച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഒരു മാസം മുൻപാണ് രാജീവ് അന്തരിച്ചത്.

സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സജിതയുടെയും ഗ്രീമയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു.

Comments are closed.