സിൽവർലൈൻ ഇല്ല;കേന്ദ്രം അതിവേഗ റെയിലിന്;ഇ.ശ്രീധരൻ ഓഫീസ് തുടങ്ങും | Union government for High-Speed Rail e Sreedharan to Lead Project no to silver line | കേരള വാർത്ത


Last Updated:

ജനജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കാത്ത വിധം പരമാവധി മേൽപാതകളും തുരങ്കങ്ങളും ഉൾപ്പെടുത്തിയായിരിക്കും ഈ പാത നിർമ്മിക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതി പൂർണ്ണമായി തള്ളിക്കൊണ്ട് കേരളത്തിൽ പുതിയ അതിവേഗ റെയിൽപാത നിർമ്മിക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. ഈ ബൃഹത്തായ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെയാണ് (DMRC) റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പദ്ധതിക്കാവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കുന്നതിനായി പൊന്നാനിയിൽ ഡിഎംആർസിയുടെ പ്രത്യേക ഓഫിസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിലാണ് ഈ പുതിയ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഉറപ്പാക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഈ അതിവേഗപാതയുടെ നിർമ്മാണം പൂർത്തിയാക്കുക.

ഒൻപത് മാസത്തിനുള്ളിൽ പദ്ധതിയുടെ ഡിപിആർ പൂർത്തിയാക്കി സമർപ്പിക്കാമെന്ന് ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ നിർണ്ണായകമായ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്. ജനജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കാത്ത വിധം പരമാവധി മേൽപാതകളും തുരങ്കങ്ങളും ഉൾപ്പെടുത്തിയായിരിക്കും ഈ പാത നിർമ്മിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Comments are closed.