മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ മുസ്ലീം നിയമപ്രകാരം മക്കളില്ലാത്ത വിധവയ്ക്ക് നാലിലൊന്നു മാത്രം; സുപ്രീം കോടതി | Muslim widow with no child entitled to one-fourth share in deceased husband’s estate | India


Last Updated:

ഇസ്ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ വിചാരണ കോടതിയുടെ വിധിന്യായത്തിന്റെ മോശം വിവര്‍ത്തനത്തെ കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു

സുപ്രീംകോടതിസുപ്രീംകോടതി
സുപ്രീംകോടതി

മക്കളില്ലാത്ത വിധവയ്ക്ക് മരണപ്പെട്ട ഭര്‍ത്താവിന്റെ സ്വത്തിൽ മുസ്ലീം നിയമപ്രകാരമുള്ള അവകാശം വ്യക്തമാക്കി സുപ്രീം കോടതി വിധി. കുട്ടികളില്ലാത്ത ഒരു മുസ്ലീം വിധവയ്ക്ക് മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതത്തിനു മാത്രമേ അര്‍ഹതയുള്ളൂവെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചു. മുഹമ്മദീയ നിയമപ്രകാരമുള്ള പിന്തുടര്‍ച്ചാവകാശ തത്വങ്ങള്‍ അനുസരിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സോഹാര്‍ബി-ചന്ദ് ഖാന്‍ പിന്തുടര്‍ച്ചാവകാശ കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മരിച്ചുപോയ ഭര്‍ത്താവ് ചന്ദ് ഖാന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗം വിഹിതമാണ് കുട്ടികളില്ലാത്ത അയാളുടെ വിധവയായ സോഹാര്‍ബി അവകാശപ്പെട്ടത്. ഇത് നിരസിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കരോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ശരിവെക്കുകയായിരുന്നു.

മരണപ്പെട്ട മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളയാളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ ഖുറാന്‍ നിയമ പ്രകാരം പറഞ്ഞിരിക്കുന്ന ഭാഗംവെക്കല്‍ സമ്പദ്രായം കര്‍ശനമായി പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ സ്വത്തില്‍ അനന്തരാവകാശികളില്ലാത്ത വിധവയ്ക്ക് നാലിലൊന്ന് മാത്രമേ അവകാശമുള്ളൂവെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഈ വിധിയെ ചോദ്യം ചെയ്താണ് സോഹാര്‍ബി സുപ്രീം കോടതിയെ സമീപിച്ചത്. കുട്ടികളില്ലാത്തതിനാലും ഭര്‍ത്താവ് മരണപ്പെട്ടതിനാലും സഹോദരനല്ലാതെ മറ്റ് നേരിട്ടുള്ള അവകാശികള്‍ ഇല്ലാത്തതിനാലും സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നാണ് യുവതി വാദിച്ചത്. പ്രാഥമിക അവകാശി എന്ന നിലയില്‍ തനിക്ക് സ്വത്തിന്റെ ഭൂരിഭാഗം ലഭിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവ് മരണം വരെ തനിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും അതേ തരത്തില്‍ മറ്റ് അവകാശികള്‍ അദ്ദേഹത്തിന് ഇല്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. സഹോദരന് വില്‍ക്കാനായി ചന്ദ് ഖാൻ ജീവിച്ചിരുന്ന സമയത്ത് കരാര്‍ നടപ്പാക്കിയതായി കാണിച്ച് പിന്തുടര്‍ച്ചാവകാശത്തിന്റെ പരിധിയില്‍ വരുന്ന സ്വത്തുക്കളില്‍ നിന്ന് ഭൂമിയുടെ ഒരു ഭാഗം ഒഴിവാക്കിയതായും യുവതി ആരോപിച്ചു. ഇത് അസാധുവാണെന്നും നിയമപരമായ അവകാശി എന്ന നിലയ്ക്കുള്ള തന്റെ അവകാശത്തെ ഇത് ബാധിക്കില്ലെന്നും വിധവ കോടതിയെ അറിയിച്ചു.

എന്നാല്‍, ജീവിച്ചിരിക്കെ നടപ്പാക്കിയുള്ള വില്പന കരാര്‍ ഉടമസ്ഥാവകാശം സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം സ്വത്തുക്കളും നിയപരമായ അവകാശങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെടേണ്ടതാണെന്ന് കോടതി പറഞ്ഞു.

ഒരു വിധവയുടെ പദവിയും ആശ്രയത്വവും കണക്കിലെടുത്ത് തുല്യമായ അവകാശവാദം അംഗീകരിക്കുന്നതില്‍ കോടതി പരാജയപ്പെട്ടതായി ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സോഹാര്‍ബിയുടെ അഭിഭാഷകന്‍ അജയ് മജിതിയ പറഞ്ഞു. മരണപ്പെട്ട ചന്ദ് ഖാന്റെ സഹോദരനാണ് മറുപക്ഷത്തെ വാദി. ഹൈക്കോടതി വിധിയെ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ന്യായീകരിച്ചു. ഖുറാനിലെ വിഹിതങ്ങള്‍ ദൈവികമായി നിര്‍ദ്ദേശിക്കപ്പെട്ടതാണെന്നും അവയില്‍ മാറ്റം വരുത്താന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

കുട്ടികളില്ലെങ്കില്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ വിധവയ്ക്ക് നാലിലൊന്നും കുട്ടികളുണ്ടെങ്കില്‍ എട്ടിലൊന്നുമാണ് ഖുറാന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന അവകാശം. ഈ കേസില്‍ അപ്പീല്‍കാരന് നാലിലൊന്ന് അവകാശമുണ്ടെന്നും ഇതില്‍ കൂടുതലാകരുതെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ബാക്കിയുള്ള നാലില്‍ മൂന്ന് ഭാഗം മരണപ്പെട്ടയാളിന്റെ സഹോദരന്‍ അടക്കമുള്ള അവകാശികള്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

ഇസ്ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ വിചാരണ കോടതിയുടെ വിധിന്യായത്തിന്റെ മോശം വിവര്‍ത്തനത്തെ കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ജുഡീഷ്യല്‍ വിവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും കൃത്യതയും വേണമെന്നും കോടതി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ മുസ്ലീം നിയമപ്രകാരം മക്കളില്ലാത്ത വിധവയ്ക്ക് നാലിലൊന്നു മാത്രം; സുപ്രീം കോടതി

Comments are closed.