Last Updated:
ഗാന്ധി വധത്തിനുശേഷം നാഥുറാം ഗോഡ്‌സെയുടെ കുടുംബം സാമൂഹികമായി ഒറ്റപ്പെട്ടു എന്ന വാദത്തെ ചോദ്യം ചെയ്ത് സെപ്റ്റംബർ 10-നാണ് സത്യകി സവർക്കർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്
പുണെ: വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ ഹർജിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകന് രേഖാമൂലം മറുപടി നൽകാൻ പുണെ പ്രത്യേക കോടതി നവംബർ 7 വരെ സമയം അനുവദിച്ചു. മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചില ചരിത്രപരമായ വസ്തുതകൾ സംബന്ധിച്ചാണ് സത്യകി സവർക്കർ കോടതിയെ സമീപിച്ചത്.
മഹാത്മാഗാന്ധി വധത്തിനുശേഷം നാഥുറാം ഗോഡ്‌സെയുടെ കുടുംബം സാമൂഹികമായി ഒറ്റപ്പെട്ടു എന്ന വാദത്തെ ചോദ്യം ചെയ്ത് സെപ്റ്റംബർ 10-നാണ് സത്യകി സവർക്കർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് പവാർ കോടതിയിൽ നൽകിയതും പിന്നീട് പിൻവലിച്ചതുമായ പഴ്‌സിസിൽ സത്യകി സവർക്കർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ അനുബന്ധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ സത്യകി, കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ മറുപടി നൽകാൻ കോടതി നേരത്തെ പവാറിന് നിർദേശം നൽകിയിരുന്നു. രേഖാമൂലമുള്ള മറുപടി സമർപ്പിക്കുന്നതിന് മുൻപ് വസ്തുതകൾ വിശദമായി പരിശോധിക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് പവാർ വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചു. ഈ അപേക്ഷയാണ് കോടതി പരിഗണിച്ചത്.
2023 മാർച്ചിൽ ലണ്ടനിലെ പ്രസംഗത്തിൽ വിനായക് ദാമോദർ സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്നാണ് സത്യകി സവർക്കർ പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അതേസമയം, കേസിൽ രാഹുലിന് കോടതി ഇതിനകം ജാമ്യം അനുവദിച്ചിട്ടുണ്ട്.
New Delhi,New Delhi,Delhi
October 19, 2025 12:22 PM IST
മഹാത്മാഗാന്ധി വധം: സവർക്കറുടെ കൊച്ചു മകൻറെ ഹർജിയിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ കോടതി സമയം അനുവദിച്ചു

Comments are closed.