കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ മരിച്ചു; 25 ഓളംപേർക്ക് പരിക്ക്| Dense Fog Causes Massive 10-Vehicle Pile-Up on Yamuna Expressway 4 Killed Many Injured | India


Last Updated:

മൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതോടെ ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം

Photo - ANI
Photo – ANI

ലഖ്നൗ: ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.

മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി വളരെ കുറവായിരുന്നു. ഇതേത്തുടർന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.

മൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതോടെ ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു.

“സംഭവം അറിഞ്ഞയുടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഭാഗമായി. നിലവിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 25 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഗുരുതര പരിക്കേറ്റവരില്ല. വാഹനങ്ങളിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ സർക്കാർ വാഹനങ്ങളിൽ വീടുകളിലെത്തിച്ചു”, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തീ കത്തിപ്പടരുന്നതിനിടെ സഹായത്തിനായി യാത്രക്കാർ നിലവിളിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ഒന്നിനു പിറകെ ഒന്നായി വാഹനങ്ങൾ കത്തുകയായിരുന്നു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം എക്സ്പ്രസ് വേയിൽ ഗതാഗതം തടസപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/India/

കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ മരിച്ചു; 25 ഓളംപേർക്ക് പരിക്ക്

Comments are closed.