പശ്ചിമബംഗാളില്‍ 3,200 കോടി രൂപയുടെ ദേശീയ ഹൈവേ പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും | PM Modi to inaugurate national highway projects worth Rs 3200 crores in west bengal | India


Last Updated:

2026-ല്‍ പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം

News18
News18

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളില്‍ സന്ദര്‍ശനം നടത്തും. നാദിയ ജില്ലയിലെ റാണഘട്ടില്‍ ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിര്‍വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

സംസ്ഥാനത്തെ ഏകദേശം 3,200 കോടി രൂപ ചെലവ് വരുന്ന രണ്ട് ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി നിര്‍വഹിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുള്ളത്. നാദിയ ജില്ലയിലെ എന്‍എച്ച് 34-ലെ ബരാജഗുലി-കൃഷ്ണനഗര്‍ സെക്ഷന്റെ 66.7 കിലോമീറ്റര്‍ നീളമുള്ള 4 ലെയ്‌നിംഗും മോദി ഉദ്ഘാടനം ചെയ്യും.

കൊല്‍ക്കത്തയെയും സിലിഗുരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന ലിങ്കായിരിക്കും ഈ പദ്ധതികള്‍. ഈ റൂട്ടിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂര്‍ കുറയ്ക്കാനും വാഹന ചെലവ് കുറയ്ക്കാനും കൊല്‍ക്കത്തയും സംസ്ഥാനത്തെ മറ്റ് ജില്ലകളും തമ്മിലും അയല്‍ രാജ്യങ്ങളുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനും പദ്ധതികള്‍ സഹായകമാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

2026-ല്‍ പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങളും രൂക്ഷമാണ്. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നടപ്പാക്കിയതോടെ ഈ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ രൂക്ഷമായിട്ടുണ്ട്.

പശ്ചിമബംഗാളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 58 ലക്ഷം പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പശ്ചിമബംഗാളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മോദി ദ്വിദിന സന്ദര്‍ശനത്തിനായി അസമിലേക്ക് തിരിക്കും. അവിടെ അദ്ദേഹം ലോകപ്രിയ ഗോപിനാഥ് ബര്‍ദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. 1.4 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്റഗ്രേറ്റഡ് ന്യൂ ടെര്‍മിനല്‍. റണ്‍വേ, എയര്‍ഫീല്‍ഡ് സംവിധാനങ്ങള്‍, ആപ്രണുകള്‍, ടാക്‌സിവേകള്‍ എന്നിവയിലേക്കുള്ള പ്രധാന നവീകരണങ്ങളോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പ്രതിവര്‍ഷം 1.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ടെര്‍മിനലിനുണ്ട്.

ഡിസംബര്‍ 21 ഞായറാഴ്ച ഗുവാഹത്തിയിലെ സ്വാഹിദ് സ്മാരക ക്ഷേത്രയില്‍ മോദി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. അതിനുശേഷം അദ്ദേഹം അസമിലെ ദിബ്രുഗഡിലെ നംരൂപിലേക്ക് പോകും. അവിടെ അദ്ദേഹം അസം വാലി ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ പദ്ധതിക്കായി ഭൂമി പൂജ നടത്തും.

Comments are closed.