കൊള്ളാമല്ലോ! ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ ആർക്കും പേരില്ല; തിരിച്ചറിയുന്നത് ചൂളംവിളിയില്‍ | A Meghalaya village where people are known through whistling sound | India


Last Updated:

പേരുകൾക്ക് പകരം ഓരോ വ്യക്തിയ്ക്കും അവരെ തിരിച്ചറിയുന്നതിനുള്ള അടയാളമായി വർത്തിക്കുന്നത് വ്യത്യസ്ത ഈണത്തിലുള്ള ചൂളം വിളികളാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ഒരു കുഞ്ഞ് ജനിക്കുമ്പോൾ നമ്മൾ ആദ്യമായി ചെയ്യുന്ന കാര്യങ്ങളിലൊന്ന് പേരിടുകയെന്നതാണ്. പിന്നീടുള്ള ജീവിതകാലത്ത് ഈ പേരിലാണ് ആ വ്യക്തി അറിയപ്പെടുക. ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള അടയാളമാണ് അയാളുടെ പേര്. എന്നാൽ, മേഘാലയിലെ ഒരു ഗ്രാമത്തിലെ ആളുകൾക്ക് ഒരു പ്രത്യേകതയുണ്ട്. അവർക്ക് പേരുകളില്ല. അവർ ഒരു പ്രത്യേക ഈണത്തിൽ ചൂളം വിളിച്ചാണ് ഒരാളെ തിരിച്ചറിയുന്നത്. പക്ഷികളെപ്പോലെ പ്രത്യേക ഈണങ്ങളിലൂടെ ആളുകൾ പരസ്പരം വിളിക്കുന്ന മേഘാലയിലെ കോംഗ്‌തോംഗാണ് ലോകശ്രദ്ധ നേടുന്നത്.

മേഘാലയിലെ ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കോംഗ്‌തോംഗാണ് ആ ഗ്രാമത്തിന്റെ അപൂർവ പാരമ്പര്യത്തിന് ലോകമെമ്പാടും അറിയപ്പെടുന്നത്. പേരുകൾക്ക് പകരം ഓരോ വ്യക്തിയ്ക്കും അവരെ തിരിച്ചറിയുന്നതിനുള്ള അടയാളമായി വർത്തിക്കുന്നത് വ്യത്യസ്ത ഈണത്തിലുള്ള ചൂളം വിളികളാണ്. കുന്നിന് ചെരുവുകളിൽ ജോലി ചെയ്യുന്ന കർഷകരും വനങ്ങളിൽ മരം ശേഖരിക്കുന്ന ഗ്രാമീണരും ഈ ചൂളം വിളി ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അങ്ങനെയാണ് കോംഗ്‌തോംഗിന് ‘ദി വിസിൽ വില്ലേജ്'(The Whistling Village) എന്ന പേരും ലഭിച്ചത്.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഒരു ഈണവും പിറക്കുന്നു

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിന് വേണ്ടി അമ്മ ഒരു പ്രത്യേക ചൂളം വിളി ഈണം തയ്യാറാക്കുന്നു. ഈ ഈണം കുഞ്ഞിന്റെ പേരായി മാറുന്നു. ആവർത്തിച്ച് കേൾക്കുന്നതിലൂടെ കുട്ടി സ്വന്തം പേരിനെ പ്രതിനിധീകരിക്കുന്ന ചൂളംവിളി തിരിച്ചറിയും. അങ്ങനെ ഗ്രാമത്തിലെ മുഴുവൻ ആളുകളും ആ കുഞ്ഞിനെ വിളിക്കാൻ ഈ പ്രത്യേക ചൂളംവിളി ഉപയോഗിക്കുന്നു.

എന്നാൽ ചൂളംവിളിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ഗ്രാമത്തിലെ രണ്ട് പേർക്ക് ഒരുപോലെയുള്ള ഈണം ഉണ്ടാകുകയില്ല. ഈ പാരമ്പര്യം ‘ജിൻഗ്രവായ് ഇവ്‌ബെയ്’ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ അർത്ഥം വംശത്തിലെ ആദ്യ സ്ത്രീയുടെ ഗാനം എന്നാണ്. ഓരോ ഈണവും വ്യക്തിപരവും സംസ്‌കാരികപരവുമായ ആചാരത്തിലൂടെ പാരമ്പര്യമായി ലഭിച്ചതുമാണ്. ഈ ഈണങ്ങൾ ആഴത്തിൽ ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.

പേരുകൾക്ക് പകരം ചൂളം വിളിക്കുമ്പോൾ അത് കുന്നുകൾക്കിടയിലൂടെ ശബ്ദത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നതായും അങ്ങനെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം നിലവിൽ വന്നതെന്നും ഇവിടുത്തെ പഴമക്കാർ പറയപ്പെടുന്നു. കാടുകളിൽ ഉച്ചത്തിൽ പേരുകൾ വിളിക്കുന്നത് വന്യമൃഗങ്ങളെയോ ആത്മാക്കളെയോ ആകർഷിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. എന്നാൽ ചൂളംവിളികൾ പ്രകൃതിയുടെ ശബ്ദങ്ങളുമായി സ്വാഭാവികമായി ലയിച്ചു ചേരുന്നു. ആളുകൾ വീടുകളിൽ ചെറിയ ചൂളംവിളികളും വനങ്ങളിലും കുന്നുകളിലും ആശയവിനിമയം നടത്താൻ നീണ്ട ചൂളംവിളികളുമാണ് ഉപയോഗിക്കുന്നത്.

രേഖകളിൽ ഗ്രാമവാസികൾക്ക് ഔദ്യോഗിക പേരുകൾ ഉണ്ടെങ്കിലും ചൂളംവിളി അവരുടെ ദൈനംദിന ജീവിതത്തിൽ തിരിച്ചറിയാനുള്ള അടയാളമായി മാറുന്നു. കോംഗ്‌തോംഗിന്റെ ഈ സവിശേഷമായ സംസ്‌കാരം യുനെസ്‌കോയുടെ അംഗീകാരം നേടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമമായി ഇതിനെ നാമനിർദേശം ചെയ്തിട്ടുമുണ്ട്.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഈ ഗ്രാമം സന്ദർശിക്കുകയും അവിടുത്തെ പാരമ്പര്യം അനുഭവിച്ചറിയുകയും ചെയ്യുന്നു.

Comments are closed.