Last Updated:
സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ മൃഗസംരക്ഷണ പ്രവർത്തകർ പോലീസിൽ പരാതി നൽകി
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന യുവാവ് അഹമ്മദാബാദിൽ അറസ്റ്റിലായി. വഡാജ് സ്വദേശിയായ 21-കാരൻ രാഹുൽ ദൻതാനിയെയാണ് പോലീസ് പിടികൂടിയത്. പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആറ് മാസം ഗർഭിണിയായ രാഹുലിന്റെ ഭാര്യ പൂച്ചയ്ക്ക് പാൽ നൽകുന്നതിനിടെ പാത്രം നീക്കി, ഇതോടെ പൂച്ച യുവതിയുടെ കൈയിയിൽ കടിച്ചു. ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കുണ്ടായ പരിക്കും വേദനയുമാണ് പൂച്ചയോട് പകതീർക്കാൻ രാഹുലിനെ പ്രേരിപ്പിച്ചത്.
വീട്ടിൽ തിരിച്ചെത്തിയ രാഹുൽ സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. ആദ്യം ചാക്കോടെ പൂച്ചയെ തറയിലടിച്ചു. പിന്നീട് പുറത്തെടുത്ത് വടികൊണ്ട് ക്രൂരമായി തല്ലുകയും, കഴുത്തിൽ ചവിട്ടിപ്പിടിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് സമീപമുള്ള അപ്പാർട്ട്‌മെന്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം.
സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ മൃഗസംരക്ഷണ പ്രവർത്തകർ പോലീസിൽ പരാതി നൽകി. തെളിവുകൾ പരിശോധിച്ച പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Ahmedabad,Gujarat

Comments are closed.