രാഹുൽ ഗാന്ധിയുടെ വിദേശയാത്രയിൽ കോൺഗ്രസിൽ അതൃപ്തി; പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തണമെന്ന് ഇമ്രാൻ മസൂദ് എംപി| Imran Masood MP Pushes for Priyanka Gandhi Amid Rahul Gandhis Foreign Visit Row | India


Last Updated:

ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തയായ പ്രധാനമന്ത്രിയായിരിക്കും പ്രിയങ്കാ ഗാന്ധിയെന്നും മസൂദ് പറഞ്ഞു

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അടിക്കടിയുള്ള വിദേശയാത്രയില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം. നിര്‍ണായക ഘട്ടങ്ങളില്‍ രാഹുലിന്റെ സാന്നിധ്യം ഉണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയെ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് രംഗത്തുവന്നു.

ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തയായ പ്രധാനമന്ത്രിയായിരിക്കും പ്രിയങ്കാ ഗാന്ധിയെന്നും മസൂദ് പറഞ്ഞു. പാര്‍ലമെന്റില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം വിബി ജി റാം ജി പദ്ധതി അവതരിപ്പിച്ച വേളയിൽ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി ജര്‍മനിയില്‍ ബിഎംഡബ്ല്യു കമ്പനിയുടെ പ്ലാന്റില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ വിമര്‍ശനമുയരാന്‍ കാരണമായി.

ശശി തരൂര്‍ എംപി ആശയക്കുഴപ്പത്തിലാണെന്നും ഇമ്രാന്‍ മസൂദ് പറഞ്ഞു. തരൂരിന് മുഖ്യമന്ത്രിയാകണം, അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയെക്കുറിച്ച് സംസാരിക്കുന്നതെന്നും കേരളത്തില്‍ ബിജെപിക്ക് ഭാവിയില്ല എന്നതാണ് തരൂരിനെ ആശയക്കുഴപ്പത്തിലാക്കുന്നതെന്നും ഇമ്രാന്‍ മസൂദ് അഭിപ്രായപ്പെട്ടു. ഏറെ മാസങ്ങളായി കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രതികരണങ്ങള്‍ നടത്തുന്നയാളാണ് ശശി തരൂര്‍.

കഴിഞ്ഞ ദിവസം ബിഹാറിലെ 20 വര്‍ഷത്തെ എന്‍ഡിഎ സഖ്യത്തിന്റെ ഭരണത്തെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു. ബിഹാറില്‍ വലിയ മാറ്റമുണ്ടായി എന്നാണ് തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ് ബിഹാറില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുമ്പോഴാണ് തരൂര്‍ എന്‍ഡിഎയെ പുകഴ്ത്തി പരാമര്‍ശം നടത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/India/

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയിൽ കോൺഗ്രസിൽ അതൃപ്തി; പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തണമെന്ന് ഇമ്രാൻ മസൂദ് എംപി

Comments are closed.