ഓപ്പറേഷന്‍ സിന്ദൂർ: പാകിസ്ഥാന്‍ ഇന്ത്യക്കെതിരേ പ്രയോഗിച്ച സാങ്കേതികവിദ്യ 90 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചതെന്ന് അസിം മുനീര്‍ | Pakistan Field Marshal Asim Munir says they used indigenous weapons for Operation Sindoor | India


“ഇന്ത്യയുമായി ഞങ്ങള്‍ അടുത്തിടെ നടത്തിയ യുദ്ധത്തില്‍ ഞങ്ങളുടെ സാങ്കേതികവിദ്യ ലോകത്തിന് ഞങ്ങള്‍ കാണിച്ചു കൊടുത്തു. അതില്‍ 90 ശതമാനവും പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്ഥാന്‍ വ്യോമസേന ഇന്ത്യയുടെ റാഫേല്‍, സു 30, മിഗ് 29, മിറാഷ് 2000, എസ് 400 എന്നിവ പിടിച്ചെടുത്തു,” വൈറലായ ഒരു വീഡിയോയില്‍ അസം മുനീര്‍ പറയുന്നത് കേള്‍ക്കാം.

എന്നാല്‍ പാക് സൈനിക മേധാവി നടത്തിയ അവകാശവാദങ്ങള്‍ക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല. അത് അതിശയോക്തി നിറഞ്ഞതാണെന്നും ഇവ ആവര്‍ത്തിച്ചുള്ള നഗ്നമായ നുണകളാണെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു.

ഉപഗ്രഹ ചിത്രങ്ങള്‍, അവശിഷ്ട വിശകലനം, അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍, പ്രതിരോധ വിദഗ്ധരുടെ പ്രസ്താവനകള്‍ എന്നിവ വിശകലനം ചെയ്യുമ്പോള്‍ അസം മുനീര്‍ അവകാശപ്പെട്ടതുപോലെ ഇന്ത്യയുടെ റാഫേല്‍ ജെറ്റുകള്‍, സു-30, മിറാഷ്-2000, മിഗ്-29, എസ്-400 സംവിധാനം എന്നിവ നഷ്ടപ്പെട്ടതായോ പാകിസ്ഥാന്റെ വ്യോമാക്രമണങ്ങള്‍ വിജയം നേടിയതായോ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ല.

പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പിലും സൈനിക ശേഷിയിലുമുള്ള പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതിനുമായി മനഃപൂര്‍വം കെട്ടിച്ചമച്ച ഉള്ളടക്കം പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ(പിഐബി)ഫാക്ട് ചെക്ക് യൂണിറ്റ് തുറന്നുകാട്ടിയിരുന്നു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പറയപ്പെടുന്ന റാഫേലിന്റെ അവശിഷ്ടങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞതാണെന്നും റാഫേല്‍ വെടിവെച്ചിട്ടതിന് വിശ്വസനീയമായ തെളിവില്ലെന്നും ഫ്രഞ്ച് പ്രതിരോധ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്‍ ഉപയോഗിച്ച മിസൈലുകള്‍, ഡ്രോണുകള്‍, റഡാറുകള്‍, ഏവിയോണിക്‌സ് എന്നിവ ചൈനയുടേതാണെന്ന് ആവര്‍ത്തിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് 90 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയായിരുന്നുവെന്ന മുനീറിന്റെ വാദത്തിന് നേര്‍വിപരീതമാണ്.

ജെ.എഫ്-17 തണ്ടര്‍ പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത വിമാനമാണ്. ഇതിന്റെ പ്രധാനപ്പെട്ട ഏവിയോണിക്‌സ്(വിമാനത്തിലെ ഇലക്ട്രോണിക്‌സ് ഉള്‍പ്പെടുന്ന ഭാഗം), റഡാര്‍, നിരവധി പ്രധാന സംവിധാനങ്ങള്‍ എന്നിവ ചൈനീസ് സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി നിര്‍മിച്ചതാണ്. കൂടാതെ, ഇതിന്റെ രൂപകല്‍പ്പനയിലും ഉത്പാദനത്തിലും ചൈനീസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വിമാന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലും നവീകരണത്തിലുമാണ് പാകിസ്ഥാന്‍ സംഭാവന നല്‍കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു.

പാകിസ്ഥാന്റെ കൈവശമുള്ള സൈനിക ഉപകരണങ്ങളുടെ 81 ശതമാനവും ചൈനയില്‍ നിര്‍മിച്ചതാണെന്ന് ഈ വര്‍ഷം ജൂലൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍. സിംഗ് പറഞ്ഞിരുന്നു. മറ്റ് ആയുധങ്ങള്‍ക്കെതിരേ തങ്ങളുടെ ആയുധങ്ങള്‍ പരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് ഒരു ലൈവ് ലാബ് പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ഉത്ഭവ സംവിധാനങ്ങളെ പാകിസ്ഥാന്‍ സാങ്കേതികവിദ്യ എന്ന് വിശേഷിപ്പിക്കുകയും അവ വിദേശത്തേക്ക് സജീവമായി വില്‍ക്കുകയും ചെയ്യുന്നതിലൂടെ അസം മുനീര്‍ അതിശയോക്തി പറയുക മാത്രമല്ല, മറിച്ച് രാഷ്ട്രീയപരവും വാണിജ്യപരവുമായ നേട്ടങ്ങള്‍ക്കായി വിദേശ സൈനിക ഉപകരണങ്ങള്‍ റീബ്രാന്‍ഡ് ചെയ്യുകയാണെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഓപ്പറേഷന്‍ സിന്ദൂർ: പാകിസ്ഥാന്‍ ഇന്ത്യക്കെതിരേ പ്രയോഗിച്ച സാങ്കേതികവിദ്യ 90 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചതെന്ന് അസിം മുനീര്‍

Comments are closed.