ജർമ്മനിയിൽ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിനെതിരായി ബിജെപി | BJP against the remark made by Rahul Gandhi in Germany | India


എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്ന ഭരണഘടന ഇല്ലാതാക്കാൻ ബിജെപി നിർദേശിക്കുന്നതായും രാഹുൽ ആരോപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് പ്രതിപക്ഷ പ്രതിരോധത്തിൻരെ ഒരു സംവിധാനം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇപ്പോൾ ഇത് വെറും തിരഞ്ഞെടുപ്പുകളേക്കാൾ ആഴത്തിലുള്ള ഒരു പോരാട്ടമാണ്. ഭരണഘടന ഇല്ലാതാക്കുക, സംസ്ഥാനങ്ങൾ തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭാഷകളും മതങ്ങളും തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭരണഘടനയുടെ കാതലായ ആശയം ഇല്ലാതാക്കുക എന്നതാണ് ബിജെപി നിർദേശിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ഒരു ആഗോള ആസ്തിയായി അദ്ദേഹം ചിത്രീകരിച്ചു. ”ഭരണഘടന അടിസ്ഥാനമാക്കുമ്പോൾ, ഇന്ത്യൻ ജനാധിപത്യം ഒരു ഇന്ത്യൻ സ്വത്ത് മാത്രമല്ല, അത് ഒരു ആഗോള സ്വത്തുകൂടിയാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

”ലോകത്തിലെ ജനാധിപത്യത്തെക്കുറിച്ച് എന്തെങ്കിലും ചർച്ച നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും വലുതും സങ്കീർണവുമായ ജനാധിപത്യത്തെ അവഗണിക്കാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം ഒരു ആഗോള സ്വത്താണെന്ന് ഞാൻ പറയുന്നത്. അത് ഇന്ത്യയുടെ മാത്രം സ്വത്തല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ”അതിനാൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ അത് യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരായ ഒരു ആക്രമണമല്ല, മറിച്ച് ആഗോള ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരായ ഒരു ആക്രമണമാണ്, രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനയ്‌ക്കെതിരേ കടുത്ത വിമർശനമാണ് ബിജെപി ഉന്നയിച്ചത്. ”രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ‘ഭാരത് ബദ്‌നാമി’യിൽ ഏർപ്പെട്ടിട്ടുണ്ട്. അതിൽ പുതിയതായി ഒന്നുമില്ല,” ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

”രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് എന്ന സ്ഥാനപ്പേര് പ്രചാരണ നേതാവ് എന്നാക്കി മാറ്റണം. കാരണം അദ്ദേഹം വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യാ വിരുദ്ധ ഘടകങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന ജോർജ് സോറോസുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുക, ഇന്ത്യക്കെതിരേ വ്യാജ പ്രചാരണം നടത്തുക എന്ന രാഹുൽ ഗാന്ധിയുടെ മുഴുവൻ സമയ ജോലിയായി മാറിയിരിക്കുന്നു,” പൂനവാല കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിനെതിരേ വോട്ട് മോഷണ ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നിച്ചു. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ചത് ന്യായമായിരുന്നില്ല എന്നും രാഹുൽ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘തെലങ്കാനയിലും ഹിമാചൽ പ്രദേശിലും തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ നീതിയുക്തതയെ സംബന്ധിച്ച് ഞങ്ങൾ പ്രശ്‌നങ്ങൾ ഉന്നയിച്ചുവരികയാണ്. അതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഞാൻ പത്രസമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. ഞങ്ങൾ ഹരിയാന തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നിരുന്നുവെന്നും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നീതിയുക്തമാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ലെന്നും ഞങ്ങൾ വ്യക്തമായി തെളിയിച്ചിട്ടുണ്ട്,”രാഹുൽ ഗാന്ധി പറഞ്ഞു.

‘ഏജൻസികളെ ബിജെപി പിടിച്ചെടുക്കുന്നു’

കേന്ദ്ര ഏജൻസികളെ ബിജെപി പിടിച്ചെടുക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഒരു ആക്രമണമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

‘ഞങ്ങളുടെ സ്ഥാപന ചട്ടക്കൂടിന്റെ മൊത്തത്തിലുള്ള പിടിച്ചെടുക്കൽ നടക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളായ ഇഡിയെയും സിബിഐയെയും കേന്ദ്രസർക്കാർ ആയുധമാക്കിയിരിക്കുന്നു. ഇഡിയും സിബിഐയും ബിജെപിക്കെതിരെ ഒരു കേസുപോലും എടുക്കുന്നില്ല. രാഷ്ട്രീയ കേസുകളിൽ ഭൂരിഭാഗവും അവരെ എതിർക്കുന്ന ആളുകൾക്കെതിരെയാണ്,” ഗാന്ധി പറഞ്ഞു.

ബെർലിനിൽ രാഹുൽ ഉന്നയിച്ച മറ്റ് ആരോപണങ്ങൾ

ഇന്ത്യ പോലെയുള്ള വൈവിധ്യപൂർണവും സങ്കീർണവുമായ ഒരു രാജ്യത്ത് ബിജെപിയുടെ പ്രത്യയശാസ്ത്രം വെല്ലുവിളികൾ ഉയർത്തുന്നതായി അദ്ദേഹം ആരോപിച്ചു. ”ഇന്ത്യൻ സർക്കാരിൽ നിന്നും ആർഎസ്എസിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിൽ ഉണ്ട്. ഇത് ചരിത്രത്തിലുടനീളം നിലവിലുണ്ട്,” അദ്ദേഹം പറഞ്ഞു.

പാർട്ടികൾ പരസ്പരം തന്ത്രപരമായി സംസ്ഥാന, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ, ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നതിൽ അവർ ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ഇൻഡി സഖ്യത്തെക്കുറിച്ച് സംസാരിക്കവെ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും സാമ്പത്തിക നയങ്ങളെയും ബെർലിനിൽ സംസാരിക്കവെ രാഹുൽ ഗാന്ധി വിമർശിച്ചു. നിലവിലെ സർക്കാർ മുൻ സർക്കാരുകളുടെ സാമ്പത്തിക മാതൃകകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, നയത്തിന്റെ ദിശ ‘സ്തംഭിച്ചിരിക്കുന്നു’ എന്നും അത് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

Comments are closed.