ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും| PM Narendra Modi to Visit Cathedral Church of the Redemption in Delhi for Christmas Celebrations | India


Last Updated:

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ചരിത്രപ്രസിദ്ധമായ ‘കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ’ പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

കഴിഞ്ഞ വർഷം സിബിസിഐയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ (PTI)
കഴിഞ്ഞ വർഷം സിബിസിഐയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ (PTI)

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളി സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ 8.30 നാണ് പ്രധാനമന്ത്രി പള്ളിയിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ചരിത്രപ്രസിദ്ധമായ ‘കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ’ പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശിലുണ്ടായ അക്രമം ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭാനേതൃത്വം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ഒരു ബിജെപി വനിതാ നേതാവിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള യുവതിയെയടക്കം കയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായിരുന്നു.

രാജ്യത്ത് സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരുകൾക്കും സിബിസിഐ കത്തയച്ചിട്ടുണ്ട്.

ക്രൈസ്തവ സമൂഹവുമായി അടുക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, വർധിച്ചുവരുന്ന അക്രമങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികളിലാകും സഭയുടെയും വിശ്വാസികളുടെയും ശ്രദ്ധ.

Comments are closed.