പരീക്ഷയെഴുതാൻ AI ഉപയോഗിച്ചെന്നാരോപണത്തിൽ മനംനൊന്ത് 10-ാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി 10th class student ends her life after being accused of using AI to write exams | India


Last Updated:

സ്കൂൾ അധികൃതർ മകളെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പരീക്ഷയെഴുതാൽ എഐ (AI നിർമ്മിതബുദ്ധി) ഉപയോഗിച്ചെന്ന സ്കൂൾ അധികൃതരുടെ ആരോപണത്തിൽ മനംനൊന്ത് 10-ാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പ്രീ-ബോർഡ് പരീക്ഷയ്ക്കിടെ AI  ഉപകരണങ്ങൾ വിദ്യാർത്ഥി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.ഇതിനെ തുടർന്ന് വിദ്യാർത്ഥിനി കടുത്തമാനസിക വിഷമത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഡിസംബർ 23 ന് ഗ്രേറ്റർ നോയിഡ വെസ്റ്റിലെ എട്ട് നില അപ്പാർട്ട്മെന്റിൽ നിന്ന് 16 വയസ്സുള്ള പെൺകുട്ടി ചാടി മരിക്കുകയായിരുന്നു.

പരീക്ഷയ്ക്കിടെ എഐ (AI) ടൂളുകൾ ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥിനി മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും ചേർന്ന് കുട്ടിയെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. ഇൻവിജിലേറ്റർ കുട്ടിയെ ശാസിക്കുകയും ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പലിന്റെ അടുത്തേക്ക് കൊണ്ടുപോയി.

കുട്ടിയുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. എന്നാൽ, അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് മകളെ ക്രൂരമായി അപമാനിച്ചെന്ന് അ പിതാവ് ആരോപിച്ചു.തുടർന്ന് സ്കൂൾ അധികൃതർ മകളെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി ആരോപിച്ച് വിദ്യാർത്ഥിയുടെ പിതാവ് പോലീസിൽ പരാതി നൽകി.

തനിക്ക് മൂന്ന് പെൺമക്കളുണ്ടെന്നും അവർ മൂന്ന് പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നതെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. മൂത്ത മകൾ പരീക്ഷാ ദിവസം അറിയാതെ മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവന്നതാണെന്നും ഇൻവിജിലേറ്റർ ഫോൺ കണ്ടെത്തുകയും കുട്ടിയെ ശാസിച്ച ശേഷം പ്രിൻസിപ്പലിന്റെ അടുത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.

അധ്യാപകർ കുട്ടിയെ ചോദ്യം ചെയ്ത രീതി അവൾക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും കുട്ടിക്ക് കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും പിതാവ് പരാതിയിൽ പറയുന്നു. ക്ലാസ് ടീച്ചർ പൂനം ദുബെ, താപസ് എന്ന് പേരുള്ള മറ്റൊരു അധ്യാപകൻ, സ്കൂൾ മാനേജ്‌മെന്റ് എന്നിവർക്കെതിരെയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. ബിഎൻഎസ് (BNS) സെക്ഷൻ 108 (ആത്മഹത്യാ പ്രേരണ), മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുക്കണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ സംഭവം തന്റെ മറ്റ് രണ്ട് പെൺമക്കളെയും വല്ലാതെ ഭയപ്പെടുത്തിയെന്നും അവർക്ക് ആ സ്കൂളിലേക്ക് തിരികെ പോകാൻ പേടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിബിഎസ്ഇ പരീക്ഷാ നിയമങ്ങൾ അനുസരിച്ചാണ് വിദ്യാർത്ഥിയുടെ ഫോൺ പിടിച്ചെടുത്തതെന്ന് പറഞ്ഞ് സ്കൂൾ ഭരണകൂടം ആരോപണങ്ങൾ നിഷേധിച്ചു.വിദ്യാർത്ഥിനിയെ അപമാനിച്ചിട്ടില്ലെന്നും ഉചിതമായ രീതിയിൽ ശാസിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് ,സ്കൂൾ അധികൃതരുടെ വിശദീകരണം. സ്കൂൾ അധികൃതർ സിസിടിവി ദൃശ്യങ്ങൾ കൈമാറിയതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.

‌(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Comments are closed.