ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത Congress split over Digvijaya Singhs praise of RSS-BJP | India


Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നുസിംഗ് ആർഎസ്എസ്, ബിജെപിയുടെ സംഘടനാ ശക്തിയെ പ്രശംസിച്ചത്

ദിഗ്‌വിജയ സിംഗ്
ദിഗ്‌വിജയ സിംഗ്

ദിഗ്‌വിജയ സിങ്ങിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത. കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളായ ദിഗ്‌വിജയ സിങ്ങിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസ കോൺഗ്രസിനെ പുതിയ ഒരു പ്രതിസന്ധിയിൽ എത്തിക്കുകയും നേതൃത്വത്തിലെ ഐക്യത്തെയും അസംതൃപ്തിയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്.

1990 കളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സിംഗ് ആർഎസ്എസ്, ബിജെപിയുടെ സംഘടനാ ശക്തിയെ പ്രശംസിച്ചത്.ഗുജറാത്തിലെ ഒരു പൊതുപരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ അരികിൽ തറയിൽ ഇരിക്കുന്ന യുവ നരേന്ദ്ര മോദിയുടെ ചിത്രമാണ് സിംഗ് പങ്കുവെച്ചത്. ആർ‌എസ്‌എസിലെയും ബിജെപിയിലെയും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അവരുടെ സംഘടനയുടെ ശക്തികൊണ്ട് മുഖ്യമന്ത്രിമാരാകാനും പ്രധാനമന്ത്രിമാരാകാനും കഴിയുമെന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് ദിഗ്‌വിജയ സിംഗ് കുറിച്ചത്.

പരാമർശം വിവാദമായതോടെ താൻ സംഘടനയെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്നു എപ്പോഴും ആർ‌എസ്‌എസിനെയും പ്രധാനമന്ത്രി മോദിയെയും താൻ എതിർത്തിട്ടുണ്ടെന്നും ആർ‌എസ്‌എസിന്റെയും മോദിയുടെയും നയങ്ങളെ എതിർക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ദിഗ്‌വിജയ സിംഗ് വിശദീകരണവുമായി എത്തിയെങ്കിലും സംഭവം ഇതിനകം തന്നെ കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു.

ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രങ്ങളുടെ കടുത്ത എതിരാളിയാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കോൺഗ്രസിനുള്ളിൽ പരിഷ്കാരങ്ങൾ വേണമെന്നും അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ട് ഒരാഴ്ച മുമ്പ് സിംഗ് പങ്കുവെച്ച മറ്റൊരു കുറിപ്പും ഇതോടെ വീണ്ടും ചർച്ചയായി.

ആർഎസ്എസിന്റെ അച്ചടക്കം ഒരു കരുത്താണെന്നും അതിൽ നിന്ന് പഠിക്കാൻ അവസരമുണ്ടെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾ ഒരു സംവാദത്തിന് വഴിവച്ചു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി, തങ്ങൾ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നാഥുറാം ഗോഡ്‌സെയെ പരാമർശിച്ചുകൊണ്ട്, “ഗാന്ധിജിയുടെ കൊലയാളികളിൽ” നിന്ന് ഒന്നും പഠിക്കാനില്ലെന്നും സിംഗ് വ്യക്തമാക്കി. “ഞാൻ കോൺഗ്രസിൽ തുടരുന്നയാളാണ്, നിയമസഭയിലായാലും പാർലമെന്റിലായാലും വർഗീയ ശക്തികളോട് പൊരുതിയിട്ടുണ്ട്. അവരുടെ (ആർഎസ്എസ്, ബിജെപി) പ്രത്യയശാസ്ത്രത്തെ ഞാൻ എതിർക്കുന്നു. അവരുടെ ആശയങ്ങളെ ഞാൻ പൂർണ്ണമായും എതിർക്കുന്നയാളാണ്,” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ പല നേതാക്കളും സിംഗിന്റെ പരാമർശത്തോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാന് പവൻ ഖേര ഇതിനോട് വിയോജിച്ചു. ഗോഡ്‌സെയെ അനുകൂലിക്കുന്നവർക്ക് ഗാന്ധിയുടെ അനുയായികളാകാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഒരു പടികൂടി കടന്ന് ആർഎസ്എസിനെ അൽ-ഖ്വയ്ദ ഭീകരസംഘടനയോട് ഉപമിച്ചു.ആർഎസ്എസ് വെറുപ്പിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സംഘടനയാണെന്നും അൽ-ഖ്വയ്ദയുടെയും ആർഎസ്എസിന്റെയും മാതൃക ഒന്ന് തന്നെയാണും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

കോൺഗ്രസ് ഒരിക്കലും മതത്തിന്റെ രാഷ്ട്രീയം കളിക്കാറില്ലെന്നായിരുന്നു മല്ലികാർജുൻ ഖാർഗെ സിംഗിന്റെ പരാമർശത്തെക്കുറിച്ച് പറയാതെ പ്രതികരിച്ചത്.രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന നേതാവ് സച്ചിൻ പൈലറ്റും കോൺഗ്രസിൽ ഐക്യമില്ലെന്ന വാർത്തകൾ നിഷേധിച്ചു.

ഒരു സംഘടനയ്ക്ക് അച്ചടക്കം ഉണ്ടാവുകയും അത് ശക്തിപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണെന്നായിരുന്നു ശശി തരൂർ എം.പി ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അതേസമയം ആർഎസ്എസ്-ബിജെപി വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

Comments are closed.